ജോസഫ് സി മാത്യുവിനെ മാറ്റിയ രീതി മാന്യമല്ല; സർക്കാരിൻ്റെ മറുപടി ലഭിക്കാതെ സംവാദത്തിൽ പങ്കെടുക്കില്ല: അലോക് വർമ
സർക്കാരിൻ്റെ മറുപടി ലഭിക്കാതെ താൻ പങ്കെടുക്കില്ല. ഈ തീരുമാനത്തിൽ മാറ്റമില്ല. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ മറുപടി പ്രതീക്ഷിക്കുന്നു. സംവാദത്തിന്റെ ലക്ഷ്യം സുതാര്യതയും വ്യക്തതയുമാകണം. മോഡേറ്ററെ മാറ്റിയത് ശരിയല്ല.

ദില്ലി: സിൽവർലൈൻ പദ്ധതിയിൽ (Silver Line) എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കാൻ താൻ സന്നദ്ധനായത് മുൻവിധികൾ ഇല്ലാതെയാണെന്ന് അലോക് വർമ്മ. എന്നാൽ സർക്കാർ തന്നെ ക്ഷണിച്ചത് ഗൗരവമായിട്ടല്ല. പാനൽ മാറ്റിയതും ശരിയായ നടപടിയല്ലെന്നും അലോക് വർമ്മ പറഞ്ഞു.
സർക്കാരിൻ്റെ മറുപടി ലഭിക്കാതെ താൻ പങ്കെടുക്കില്ല. ഈ തീരുമാനത്തിൽ മാറ്റമില്ല. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ മറുപടി പ്രതീക്ഷിക്കുന്നു. സംവാദത്തിന്റെ ലക്ഷ്യം സുതാര്യതയും വ്യക്തതയുമാകണം. മോഡേറ്ററെ മാറ്റിയത് ശരിയല്ല. മുതിർന്ന ഉദ്യോഗസ്ഥരെയാണ് മോഡറേറ്ററായി നിയമിക്കേണ്ടത്. ജോസഫ് സി മാത്യുവിനെ മാറ്റിയത് മാന്യമായ രീതിയിൽ അല്ല. അദ്ദേഹത്തോട് സംസാരിച്ചു വേണമായിരുന്നു മാറ്റം വരുത്തേണ്ടത് എന്നും അലോക് വർമ്മ പറഞ്ഞു.
സംവാദത്തിൽ നിന്നും പിന്മാറുമെന്ന്, എതിർപ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനൽ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വർമ്മ അറിയിച്ചതോടെ സംവാദം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നേരത്തെ സർക്കാർ സംവാദം നടത്തും എന്നാണ് അറിയിച്ചതെങ്കിലും ഇപ്പോൾ കെ റെയിലാണ് പാനലിൽ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അലോക് വർമ്മ എതിർപ്പുന്നയിച്ചത്.
സംവാദം നടത്തുന്നത് സർക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സർക്കാർ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തന്നെ ക്ഷണിച്ചത് കെ റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം. ഇത് ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് ഉച്ചക്കുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലുള്ള അതൃപ്തിയും അലോക് വർമ്മ കത്തിൽ സൂചിപ്പിക്കുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിൽ പദ്ധതിയെ എതിർക്കുന്നവർക്ക് കടുത്ത അമർഷമുണ്ട്.ക്ഷണിച്ച ശേഷം കാരണം വ്യക്തമാക്കാതെ ഒഴിവാക്കിയതിലാണ് എതിർപ്പ്. സർക്കാരും കെ റെയിലും ഇപ്പോഴും അദ്ദേഹത്തെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിക്കുന്നില്ല.
സിൽവർ ലൈനിൽ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സർക്കാർ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ സർക്കാർ നടത്തുന്ന പരിപാടി എന്നതിൽ നിന്നും മാറി കെ റെയിൽ നടത്തുന്ന പരിപാടിയെന്ന നിലയിലേക്ക് എത്തിയതോടെയാണ് വിമർശനമുയർന്നത്.