നഗരസഭയിലെ വിവിധ സെക്ഷനുകളിൽ കയറി സഹജീവനക്കാരെ അസഭ്യം പറഞ്ഞ ഇദ്ദേഹം ഒരു മണിക്കൂർ നഗരസഭയുടെ പ്രവർത്തനം താറുമാറാക്കി

ആലുവ: നഗരസഭാ ഓഫിസിൽ മദ്യപിച്ചെത്തിയ ജീവനക്കാരൻ സഹജീവനക്കാരെ അസഭ്യം പറഞ്ഞു. വിവിധ സെക്ഷൻ ഓഫീസുകളിൽ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ഇയാൾ പിന്നീട് പ്രധാന കവാടത്തിൽ നിന്ന് ഒന്നാം നിലയിലേക്ക് കയറുന്ന നടയിൽ അടിവസ്ത്രം മാത്രം ധരിച്ച് കിടന്നു. ഒടുവിൽ കുടുംബാംഗങ്ങൾ എത്തിയാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്.

ഒന്നാം നിലയിലേക്കുള്ള നടയിൽ കിടന്ന ഇയാളെ നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം രണ്ട് ജീവനക്കാർ ചേർന്ന് പിടിച്ച് മുറ്റത്തെത്തിച്ചു. ഓട്ടോറിക്ഷയിൽ വന്ന കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ നഗരസഭയുടെ പുറകുവശത്തെ വാതിലിലൂടെ പുറത്തേക്ക് എത്തിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നഗരസഭാ ഓഫീസിലെത്തിയ ഒരാളെ അടിച്ച് മുറിവേൽപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. ഇത് പിന്നീട് ഒത്തുതീർപ്പാക്കി. പോക്കറ്റടി കേസിൽ പ്രതിയായ മറ്റൊരു നഗരസഭാ ജീവനക്കാരൻ ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാന്റിൽ കഴിയുകയാണ്. ശിവരാത്രി മണപ്പുറത്ത് വച്ച് പോക്കറ്റടിച്ചതിന്റെ പേരിൽ റിമാന്റിലായിരുന്ന ഇയാൾ, ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മറ്റൊരു പോക്കറ്റടി കേസിൽ അകത്താവുകയായിരുന്നു.