രണ്ട് പേരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

അമ്പലവയല്‍: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമത്തിനടക്കം പൊലീസ് കേസെടുത്തു. രണ്ട് പേരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യുവതി പൊലീസിനോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ആണ് പ്രതി സജീവാനന്ദനെതിരെ ചുമത്തിയത്. സജീവാനന്ദനൊപ്പം എത്തി യുവതിയെയും യുവാവിനെയും ശല്യം ചെയ്യാൻ ശ്രമിച്ച പ്രദേശവാസികളായ രണ്ട് പേരെയാണ് പുതിയതായി കേസില്‍ പ്രതി ചേർത്തത്. യുവതിയുടെയും യുവാവിന്റെയും രഹസ്യ മൊഴിയെടുക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുമുണ്ട്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദൻ ഇവരുടെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. ഇതിനെ അവർ എതിർത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദൻ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നമായപ്പോൾ ഒതുക്കാൻ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്.