തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവ്യക്തതയും ആശങ്കയുമുണ്ടെന്ന് കെഎസ്‍യു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനകളുടെ യോഗം , മുഖ്യമന്ത്രി വിളിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. പലയിടത്തും വൈദ്യുതി ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസ് കാണാനായില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവ വാങ്ങാന്‍ പലിശ രഹിത വായ്പ ലഭ്യമാക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുമാണ് ക്ലാസുകള്‍ ആരംഭിച്ചത്.ലോക്ക്ഡൗണിനിടയിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. 

സ്കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യേക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്സ് ചാനലിലൂടെ പഠനം നടന്നു. എന്നാല്‍ ടിവിയും മറ്റ് സൗകര്യങ്ങളുമില്ലാത്ത ആദിവാസി മേഖലകളിലെ കുട്ടികള്‍ക്കടക്കം പലര്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരക്കുന്ന സ്കൂള്‍ ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും പൂര്‍ണസജ്ജമായിട്ടില്ല. 

വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്താനുമാണ് തീരുമാനം. പ്രശ്നങ്ങള്‍ പരിഹരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ മുന്നോട്ടുപോകാന്‍ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നാണ് ഇപ്പോള്‍ കെഎസ്‍യു ആവശ്യപ്പെട്ടിരിക്കുന്നത്.