'രണ്ടേമുക്കാൽ മണിക്കൂറിലാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത്'. എന്നാൽ സെക്യൂരിറ്റി ജീവനക്കാര്‍ പോലും ആ സമയത്ത് എത്തിയില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും സഞ്ജു പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വ്യക്കരോഗി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ കൂടുതൽ വീഴ്ചകൾ പുറത്തേക്ക്. മെഡിക്കൽ കോളേജിലെത്തിയിട്ടും വൃക്ക ഏറ്റുവാങ്ങാൻ ആരും വന്നില്ലെന്ന് പെട്ടിയുമായി ഓടിയ ആംബുലൻസ് ജീവനക്കാര്‍ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 'സെക്യൂരിറ്റി ജീവനക്കാര്‍ പോലും എത്തിയില്ല. ഒരു ജീവനല്ലേ എന്ന് കരുതിയാണ് വേഗം എടുത്ത് ആശുപത്രിയിലേക്ക് കയറിയത്. വ്യക്ക അടങ്ങിയ പെട്ടി എടുത്ത് നൽകിയത് ആംബുൻസിലുണ്ടായിരുന്ന ഡോക്ടറായിരുന്നുവെന്നും ഡ്രൈവർ സഞ്ജു പറഞ്ഞു. രണ്ടേമുക്കാൽ മണിക്കൂറിലാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത്'. എന്നാൽ സെക്യൂരിറ്റി ജീവനക്കാര്‍ പോലും ആ സമയത്ത് എത്തിയില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും സഞ്ജു പറഞ്ഞു.
അതേ സമയം, മെഡിക്കൽ കോളേജിൽ വ്യക്കരോഗി മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാവര്‍ത്തിക്കുകയാണ് കെജിഎംസിടിഎ. ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടില്ലെന്ന് ഡോ. ബിനോയ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
അതിനിടെ കൊച്ചിയിൽ നിന്നെത്തിച്ച വ്യക്കയടങ്ങുന്ന പെട്ടി ആംബുലൻസിൽ നിന്നും എടുത്തവർക്ക് എതിരെ മെഡിക്കൽ കോളേജ് അധികൃതര്‍ പൊലീസിന് പരാതി നൽകി. ഡോക്ടർമാർ വരും മുൻപ് വൃക്ക അടങ്ങിയ പെട്ടി എടുത്തുകൊണ്ടു പോയെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവര്‍ നൽകിയ പരാതിയിൽ പറയുന്നത്. അടഞ്ഞുകിടന്ന ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ പെട്ടിയെടുത്തവര്‍ അപമര്യാദയായി പെരുമാറി. ആശുപത്രിക്കെതിരെ മോശം പ്രചാരണം നടത്തി എന്നിങ്ങനെയാണ് പരാതിയിലെ ആരോപണം.
ഗുരുതരാവസ്ഥയിലുള്ള രോഗിക്കായി എത്തിച്ച വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നേരത്തെ ആംബുലൻസ് സഹായി അരുൺദേവ് വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ നിന്നും വൃക്കയുമായി ആംബുലൻസെത്തുമ്പോൾ സെക്യൂരിറ്റി പോലും വിവരമറിഞ്ഞിരുന്നില്ലെന്നും, ഇതിനാലാണ് വൃക്കയടങ്ങിയ പെട്ടി തങ്ങൾ എടുത്തതെന്നുമാണ് അരുൺദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.
'സസ്പെൻഷൻ പരമ്പര അപഹാസ്യം, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ', ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ
''ഒരു ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. അതല്ലാതെ എനിക്കിതിൽ വേറെ ദുരുദ്ദേശം ഒന്നുമില്ലായിരുന്നു. ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷൻ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തേ വന്നിരിക്കാം. മിഷനിൽ കൂടെ പോയ ഡ്രൈവർമാരും ഡോക്ടർമാരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നു'' എന്ന് അരുൺ ദേവും പറയുന്നു.
