പാലക്കാട്: പ്രശ്‍നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പിന് പിന്നാലെ പാലക്കാട് 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു. ശമ്പളവും ആനുകൂല്യമടക്കമുള്ള പ്രശ്‍നങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. 2019 സെപ്റ്റംബറിലാണ് ജീവി കെഇഎംആര്‍ഐ കമ്പനിയുടെ 108 ആംബുലന്‍സ് സേവനം പാലക്കാട് ജില്ലയിൽ പ്രവര്‍ത്തനമാരംഭിച്ചത്. 

എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം തന്നെ ജീവനക്കാരുടെ വേതനം മുടങ്ങാൻ തുടങ്ങി. കിട്ടേണ്ടേ ആനുകൂല്യങ്ങൾ നൽകിയുമില്ല. 28 ആംബുലന്‍സുകളിലായി 105 ജീവനക്കാരാണ് ജില്ലയിൽ ജോലി ചെയ്യുന്നത്. കൊവിഡ് കാലത്ത് രാവും പകലും ഇല്ലാതെ എട്ടായിരത്തിലേറെ ട്രിപ്പുകൾ എടുത്തു. അറ്റകുറ്റപണി നടത്താത്തതിനാല്‍ പല വാഹനങ്ങളും അപകടവാസ്ഥയിലാണ്.