Asianet News MalayalamAsianet News Malayalam

Video : കോവളത്തെ ഹോട്ടലിൽ ഉറുമ്പരിച്ച് മൃതപ്രായനായി വിദേശപൗരൻ, ആശുപത്രിയിലാക്കി

അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ ഇർവിൻ ഫോക്സിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി യുഎസ് കോൺസുലേറ്റിന് കത്ത് നൽകി.

American Citizen Irvin Fox Found Ill In A Hotel At Kovalam Admitted In Hospital
Author
Thiruvananthapuram, First Published Nov 23, 2021, 11:42 AM IST

തിരുവനന്തപുരം: കോവളത്തെ ഹോട്ടൽ മുറിയിൽ ചികിത്സ കിട്ടാതെ നരകിച്ച് കിടന്ന വിദേശ പൗരനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ ഇർവിൻ ഫോക്സിനെയാണ് അവശനിലയിൽ കണ്ടെത്തിയത്. കോവളം സന്ദർശിക്കാനെത്തിയതായിരുന്നു 77-കാരനായ ഇർവിൻ. സന്ദർശനത്തിനിടെ വീണ് അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടൽ മുറിയിലായിരുന്നു താമസം. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത ഇർവിൻ ദുർഗന്ധം വമിക്കുന്ന മുറിയിൽ മാസങ്ങളോളം കിടക്കയിൽ കഴിയുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് മടങ്ങിയ ശേഷം ഹോട്ടൽ മുറിയിൽ ഇർവിൻ ഒറ്റപ്പെട്ടു. ഇന്ന് ഹോട്ടൽ സന്ദർശിക്കുന്നതിനിടെ ജനമൈത്രി ബീറ്റ് പൊലീസാണ് അവശനിലയിൽ പരിചണം ലഭിക്കാതെ 77 വയസ്സുകാരനായ വിദേശി കിടക്കുന്നതായി ശ്രദ്ധിച്ചത്. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ഇർവിൻ ഫോക്സിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി യുഎസ് കോൺസുലേറ്റിന് കത്ത് നൽകി. 

ദുർഗന്ധം വമിക്കുന്ന മുറിയിൽ മൃതപ്രായനായി ഇർവിൻ

കോവളം ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഇർവിൻ ഫോക്സ് ദുരിതജീവിതം നയിച്ചിരുന്നത്. ഇദ്ദേഹത്തിന്‍റെ മുറി പൂട്ടിയിട്ട നിലയിലായിരുന്നു. കൊളുത്തിട്ട മുറിയിൽ നിന്ന് ഞരക്കവും നിലവിളിയും കേൾക്കാമായിരുന്നു. പൊലീസെത്തുമ്പോൾ ഇദ്ദേഹത്തിന്‍റെ കിടക്കയിലേക്ക് ഉറുമ്പരിച്ച് കയറുന്ന നിലയിലായിരുന്നു. ദേഹം മുഴുവൻ മുറിവുകളുമുണ്ടായിരുന്നു. മുതുകിൽ രണ്ട് വലിയ വ്രണങ്ങളും. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പാലിയം ഇന്ത്യയും സ്ഥലത്തെത്തി ഇർവിന് പ്രഥമ പരിചരണം ലഭ്യമാക്കി. 

Follow Us:
Download App:
  • android
  • ios