ആക്രമണം നടത്തിയ ടിആർഎഫിന് ഹമാസുമായും അൽ ഖ്വയ്ദയുമായും ബന്ധമുണ്ടെന്ന് എൻഐഎ സംശയിക്കുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് സമാനമാണ് പഹൽഗാമിൽ നടന്നതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പുതിയ കണ്ടെത്തലുമായി എൻഐഎ. ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശം. ഇരു ഫോണുകളും നാലു വർഷത്തോളം ഉപയോഗിച്ചിരുന്നില്ല. ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഫോണുകൾ ആദ്യമായി ഉപയോഗിച്ചത്. മൊബൈൽ കമ്പനിയിൽ നിന്ന് ശേഖരിച്ച വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്.
2021 ജനുവരി 1-ന് കറാച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് പാകിസ്ഥാനിലേക്ക് ഫോണുകൾ ഇറക്കുമതി ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫോണുകൾ പാകിസ്ഥാനിൽ എത്തിയിട്ടും വർഷങ്ങളോളം ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. സാധാരണയുള്ള ആശയവിനിമയത്തിനല്ലാതെ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായി ഈ ഫോണുകൾ പ്രത്യേകം സൂക്ഷിച്ചു വെച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കൂടാതെ ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ മൊബൈൽ നെറ്റ്വർക്കുകൾക്ക് പകരം ലോംഗ് റേഞ്ച് റേഡിയോ സംവിധാനങ്ങളാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി.
ഫോണുകളിൽ കോൾ റെക്കോർഡുകളോ സന്ദേശങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും, ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്ന മറ്റ് ഡിജിറ്റൽ വിവരങ്ങൾ ഫോറൻസിക് പരിശോധനയിൽ ലഭിച്ചു. ഭീകരർ ഉപയോഗിച്ച നാവിഗേഷൻ ആപ്പിൽ ആക്രമണം നടന്ന ബൈസരൺ താഴ്വരയുടെ ലൊക്കേഷൻ സേവ് ചെയ്തിട്ടുണ്ടായിരുന്നു. ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, അതായത് ഏപ്രിൽ 15, 16 തീയതികളിൽ എടുത്ത താഴ്വരയുടെ ഫോട്ടോകളും ഫോണിൽ നിന്ന് കണ്ടെടുത്തു.
ടിആർഎഫിന് ഹമാസുമായും അൽ ഖ്വയ്ദയുമായും ബന്ധമെന്ന് സംശയം
ആക്രമണം നടത്തിയ ടിആർഎഫിന് ഹമാസുമായും അൽ ഖ്വയ്ദയുമായും ബന്ധമുണ്ടെന്ന് എൻഐഎ സംശയിക്കുന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് സമാനമാണ് പഹൽഗാമിൽ നടന്നതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളും ഹമാസും തമ്മിലുള്ള ബന്ധം എൻഐഎ പരിശോധിക്കുകയാണ്. ആക്രമണത്തിനു ശേഷം ഹമാസും ഭീകരസംഘടനങ്ങളും തമ്മിലുള്ള ആശയവിനിമയം വർദ്ധിച്ചെന്നും എൻഐഎയുടെ കണ്ടെത്തൽ.
25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമടക്കം 26 പേരാണ് പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പാക് സ്വദേശികളായ ഫൈസൽ ജാട്ട്, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നിവരെ കഴിഞ്ഞ വർഷം ജൂലൈയിൽ നടത്തിയ 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക നീക്കത്തിലൂടെ സുരക്ഷാസേന വധിച്ചിരുന്നു.

