ഇതിന് ശേഷം പ്രമോദ് മുഹമ്മദിനെ പല തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ 28 ന് മുഹമ്മദ് താമരശേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കോഴിക്കോട്: കോഴിക്കോട് താമരശേരിക്ക് സമീപം കട്ടിപ്പാറയില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകന് നേരെ ലഹരി മാഫിയ സംഘത്തിന്‍റെ ആക്രമണം. പരിക്കേറ്റ വേണാടി സ്വദേശി മുഹമ്മദിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മുഹമ്മദിന് നേരെ ആക്രമണം ഉണ്ടായത്. ലഹരി മാഫിയ സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്താറിന് പ്രതികളില്‍ ഒരാളായ പ്രമോദിന്‍റെ വീട്ടില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഹരി വിരുദ്ധ സമിതി പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുകയും ചെയ്തു.

ഇതിന് ശേഷം പ്രമോദ് മുഹമ്മദിനെ പല തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ 28 ന് മുഹമ്മദ് താമരശേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമാണ് തനിക്കെതിരെ നടന്ന ആക്രമണമെന്ന് മുഹമ്മദ് പരാതിപ്പെട്ടു. കട്ടിപ്പാറ പഞ്ചായത്തിലെ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകനാണ് അക്രമത്തിന് ഇരയായ മുഹമ്മദ്. മൂന്നംഗ അക്രമി സംഘത്തിലെ കെ. ലിജേഷ് എന്ന പ്രതിയെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി തെരച്ചിലിലാണ്.

താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകന് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം