കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടത്, സർക്കാർ സമീപിച്ചാൽ നിയമസഭ മുന്നോട്ടുപോകും: സ്പീക്കർ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്.
തിരുവനന്തപുരം : സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമ നിർമാണത്തിന് സർക്കാർ സമീപിച്ചാൽ നിയമസഭ മുന്നോട്ടുപോകുമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്. അതുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കേസെടുക്കാമെന്നത് മന്ത്രി കെ എൻ ബാലഗോപാലിന്റെ അഭിപ്രായമാണെന്നും ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകുമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.
പവർ ഗ്രൂപ്പിൽ ആരൊക്കെയെന്ന് വെളിപ്പെടുത്തണം, സർക്കാർ ഇരകൾക്കൊപ്പം നിൽക്കണം: വി മുരളീധരൻ
അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെട്ടു. തുടർ നടപടിയ്ക്ക് സർക്കാരിന് എന്താണ് തടസമെന്ന് ഹൈക്കോടതി ചോദിച്ചു. റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട ഡിവിഷൻ ബെഞ്ച് വനിതാ കമ്മീഷനേയും കക്ഷി ചേർത്തു. അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തലുകൾ ഉണ്ടെങ്കിലും കേസെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നായിരുന്നു ആക്ഷേപം. ഹേമ കമ്മിറ്റിയ്ക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്ക് എന്താണ് തടസമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് സർക്കാരിനോട് ചോദിച്ചു.
പേരു വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയിലാണ് പലരും മൊഴി നൽകിയതെന്ന് പരാതിയില്ലാത്തതുകൊണ്ട് തുടർ നടപടി പ്രായോഗിക മല്ലെന്നുമായിരുന്നു എ ജിയുടെ മറുപടി. പരാതി കിട്ടിയിൽ നടപടിയെടുക്കും. സർക്കാരിന് ലഭിച്ച പഠന റിപ്പോർട്ട് കെട്ടിപ്പൂട്ടിവെയ്ക്കാനുളളതല്ലല്ലോ എന്ന് ആരാഞ്ഞ കോടതി മൊഴി നൽകിയവരുടെ പേരുകൾ വെളിപ്പെടുത്താതെതന്നെ കുറ്റക്കാർക്കെതിരെ തുടർ നടപടിയ്ക്ക് കഴിയില്ലേയെന്ന് ചോദിച്ചു.