ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്താൻ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 'ആനന്ദം' എന്ന പുതിയ വിഭാഗം വരുന്നു. എല്ലാ പഞ്ചായത്തുകളിലും അംഫി കോർണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ഭൂട്ടാന്റെ 'ഗ്രോസ് നാഷണൽ ഹാപ്പിനസ്' സങ്കൽപ്പത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം: ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്താനും ക്ഷേമ-വികസന പദ്ധതികളുടെ സന്തോഷ ആഘാതം വിലയിരുത്താനും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 'ആനന്ദം' എന്ന പേരിൽ പുതിയ വിഭാഗം വരുന്നു. എല്ലാ പഞ്ചായത്തുകളിലും ആളുകൾക്ക് ഒന്നിച്ചിരുന്ന് സന്തോഷിക്കാൻ അംഫി കോർണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക. ഭാവിയിൽ ഇത് പ്രത്യേക വകുപ്പായി മാറ്റാനും സർക്കാരിന് ആലോചനയുണ്ട്.

കേവലം സാമ്പത്തിക വളർച്ചയും ജിഡിപിയും മാത്രം നോക്കാതെ മാനവികതയ്ക്കും ആകെ സന്തോഷത്തിനും പ്രാധാന്യം നൽകുന്ന ആഗോള മാതൃകകൾ മുൻനിർത്തിയാണ് നീക്കം. 1972-ൽ ഭൂട്ടാന്റെ നാലാമത്തെ രാജാവായ ജിഗ്മെ സിംഗ്യെ വാങ്ചുക് മുന്നോട്ടുവെച്ച 'ഗ്രോസ് നാഷണൽ ഹാപ്പിനസ്' സങ്കൽപ്പത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കേരളവും ഈ പുതിയ ചുവടുവെപ്പിനൊരുങ്ങുന്നത്. ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ പുരോഗതി അളക്കേണ്ടത് ജിഡിപി മാത്രം അടിസ്ഥാനമാക്കിയാകരുത് എന്ന ആഗോള ചിന്തയുടെ അടിസ്ഥാനത്തിലാണ് സന്തോഷ വകുപ്പ് രൂപീകരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.

മനുഷ്യജീവിതത്തിന്റെ അന്തിമ ലക്ഷ്യം സന്തോഷം കണ്ടെത്തുക എന്നതാണെന്നും, വെറുമൊരു ക്ഷേമ പദ്ധതി എന്നതിലുപരി വികസന സംരംഭങ്ങളിലൂടെ ആനന്ദം പ്രചരിപ്പിക്കുകയാണ് ഈ പുതിയ വിഭാഗത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഒന്നിച്ചുകൂടാനും ആശയവിനിമയം നടത്താനുമാണ് പഞ്ചായത്തുകളിൽ അംഫി കോർണറുകൾ സജ്ജമാക്കുന്നത്.

നേരത്തെ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും സന്തോഷ സൂചിക ലക്ഷ്യമിട്ട് ചില നടപടികൾ സ്വീകരിച്ചിരുന്നു. തദ്ദേശ വകുപ്പിന് കീഴിൽ 'കുടുംബശ്രീ ഹാപ്പി കേരളം - ഹാപ്പിനസ് സെന്റർ' ആരംഭിച്ചതും എം.വി. ഗോവിന്ദൻ തളിപ്പറമ്പ് എം.എൽ.എ ആയിരുന്നപ്പോൾ 'ഹാപ്പിനസ് ഫെസ്റ്റിവലുകൾ' സംഘടിപ്പിച്ചതും ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ മാസം യു.ഡി.എഫ് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് 'ഹാപ്പിനസ് ആൻഡ് വെൽഫെയർ സെന്ററുകൾ' എന്ന് മാറ്റാനും തീരുമാനിച്ചിരുന്നു.