ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ജൂൺ 15 തിങ്കളാഴ്ച പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിംഗുകൾക്കും നീല സൈൻ ബോർഡുകളുള്ള പ്രത്യേക പാർക്കിംഗ് മേഖലകൾക്കും ഈ ഇളവ് ബാധകമല്ല.
അജ്മാൻ: ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലും ഷാർജയിലും അജ്മാനിലും പൊതു പാർക്കിംഗ് സൗജന്യം. ജൂൺ 15 തിങ്കളാഴ്ച ദുബായിലെ പൊതു സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
അവധിയോടനുബന്ധിച്ച് തിങ്കളാഴ്ച ദുബായിലെ മൾട്ടി-സ്റ്റോറി പാർക്കിംഗുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് മേഖലകളും സൗജന്യമായിരിക്കും. ജൂൺ 16 ചൊവ്വാഴ്ച മുതൽ പതിവുപോലെ പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങും. ദുബായിലെ എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും തിങ്കളാഴ്ച അടഞ്ഞുകിടക്കും. എന്നാൽ ഉം റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകൾ എന്നിവ വഴി പൊതുജനങ്ങൾക്ക് പതിവുപോലെ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമായിരിക്കും. കൂടാതെ, ദുബായിലെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും തിങ്കളാഴ്ച പ്രവർത്തിക്കില്ല.
ഷാർജയിലും തിങ്കളാഴ്ച പൊതു പാർക്കിംഗ് സൗജന്യമാണ്. പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ജൂൺ 16 ചൊവ്വാഴ്ച മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് പുനരാരംഭിക്കും. എന്നാൽ നീല നിറത്തിലുള്ള സൈൻ ബോർഡുകളുള്ള സ്മാർട്ട് പാർക്കിംഗ് ലോട്ടുകൾക്കും, ആഴ്ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാക്കിയിട്ടുള്ള പ്രത്യേക പൊതു പാർക്കിംഗ് മേഖലകൾക്കും ഈ ഇളവ് ബാധകമായിരിക്കില്ല. അത്തരം ഇടങ്ങളിൽ അവധി ദിവസങ്ങളിലും നിർബന്ധമായും ഫീസ് നൽകേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അജ്മാനിലെ പൊതു സേവനങ്ങളിൽ താൽക്കാലിക ക്രമീകരണങ്ങൾ അജ്മാൻ നഗരസഭ പ്രഖ്യാപിച്ചു. പ്രധാന സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒപ്പം നഗരത്തിൽ ഉടനീളം പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. അജ്മാനിലെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും ജൂൺ 15ന് അടഞ്ഞുകിടക്കും. ജൂൺ 16 മുതൽ ഇവയുടെ പ്രവർത്തനം സാധാരണ നിലയിലാകും. ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ചുള്ള പൊതുഅവധിയുടെ ഭാഗമായാണ് ഈ ക്രമീകരണം.
അവധിക്കാലത്ത് ജനങ്ങളുടെ യാത്രകൾ സുഗമമാക്കുന്നതിനായി ജൂൺ 15ന് അജ്മാനിലെമ്പാടുമുള്ള പെയ്ഡ് പബ്ലിക് പാർക്കിംഗുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് നഗരസഭ അറിയിച്ചു. കുടുംബസംഗമങ്ങൾക്കും യാത്രകൾക്കുമായി പോകുന്ന താമസക്കാർക്കും സന്ദർശകർക്കും ഈ തീരുമാനം ഏറെ സഹായകരമാകും. പുതിയ ഹിജ്‌റ വർഷത്തിന്‍റെ വരവിൽ നഗരസഭ പൊതുജനങ്ങൾക്ക് ആശംസകൾ നേർന്നു. പുതിയ ഇസ്‌ലാമിക് കലണ്ടർ ആരംഭിക്കുന്ന ഈ വേളയിൽ എല്ലാ താമസക്കാർക്കും സമൃദ്ധിയും അനുഗ്രഹങ്ങളും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അധികൃതർ ആശംസിച്ചു. സാംസ്കാരികവും മതപരവുമായ ആഘോഷവേളകളിൽ പൊതുജനങ്ങളുടെ സൗകര്യം മുൻനിർത്തിയാണ് അജ്മാൻ നഗരസഭ ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.


