തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് നിന്നാല്‍ തീര്‍ക്കാവുന്നതേയുള്ളു മോദി-അമിത് ഷാ പ്രഭാവത്തെയെന്ന് അനില്‍ അക്കര എംഎല്‍എ. പൗരത്വ ഭേദഗതിക്കെതിരെ ഭരണപക്ഷത്തോടൊപ്പം നിന്ന സംയുക്ത പ്രതിഷേധത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് അനില്‍ അക്കരയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ചിത്രം പങ്കുവച്ചാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംയുക്ത പ്രതിഷേധത്തിനൊപ്പം നിന്നപ്പോള്‍ മുല്ലപ്പള്ളിയും തരൂരും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാരുമായി ചേര്‍ന്നുള്ള പ്രതിഷേധം ഇനിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതിന് പിന്നാലെയാണ് അനില്‍ അക്കരയുടെ ഫേസ്ബുക്ക് കുറിപ്പ്.

 

നേതാക്കള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടി നിരവധിപേര്‍ കമന്‍റുമായി നിരന്നിട്ടുണ്ട്. എന്തായാലും പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.