തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ മകനെ സാത്താന്റെ സന്തതി എന്ന്  വിളിച്ചത്  മാനസികമായി ഏറെ വിഷമം ഉണ്ടാക്കിയതായി അനിൽ അക്കര എം എൽ എ യുടെ അമ്മ ലില്ലി ആൻറണി. ഒരു സി പി എം പ്രവർത്തകൻ്റെ മകനെയാണ് ഇങ്ങനെ അധിക്ഷേപിച്ചത്. ഒരു രാഷ്ട്രീയക്കാരനും അച്ഛനമ്മമാരെ ഇത്തരത്തിൽ പറയാൻ പാടില്ലെന്നും ലില്ലി പ്രതികരിച്ചു.

വടക്കാഞ്ചേരിയിൽ നടന്ന സി പി എം സത്യഗ്രഹ സമരത്തിനിടെയായിരുന്നു ബേബി ജോണിൻ്റെ വിവാദ പ്രസ്താവന. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര എം എൽ എ സാത്താന്റെ സന്തതിയാണെന്ന് ബേബി ജോൺ ആരോപിച്ചത്. ഇതിനെതിരെ ഇന്നലെ തന്നെ ലില്ലി ആൻറണി ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് ഭർത്താവിൻ്റെ സി പി എം ബന്ധം എടുത്ത് പറഞ്ഞ് ലില്ലി  മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സാത്താന്റെ വഴിക്ക് പോകുന്ന മക്കൾ തനിക്ക് ഇല്ല. ഇങ്ങനെ പറയാൻ എന്ത് അധികാരമാണ്  അവർക്ക് ഉള്ളതെന്നും ലില്ലി ചോദിച്ചു.

ബേബി ജോണിൻ്റെ പ്രയോഗം ഇത്തിരി കടന്നു പോയെന്ന അഭിപ്രായമാണ് ജില്ലയിലെ സി പി എം നേതാക്കൾക്കിടയിലുമുള്ളത്. എന്നാൽ കൂടുതൽ പ്രതികരണത്തിന് സി പി എം നേതൃത്യം തയ്യാറായിട്ടില്ല. 

Read Also: അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോൺ; കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്ന് മറുപടി