സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി
കൊച്ചി: ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിവി ശ്രീനിജനെ മാറ്റാൻ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സിക്കുട്ടനുമായുള്ള തർക്കത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് ശ്രീനിജനെതിരെ നടപടിക്ക് കാരണം. മിനി കൂപ്പർ വിവാദത്തിൽ സിഐടിയു യൂണിയൻ നേതാവ് അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന നേതൃപദവികളിൽ നിന്ന് അനിൽകുമാറിനെ മാറ്റാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമായി.
ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യങ്ങളിൽ നടപടി സ്വീകരിച്ചത്. പിവി ശ്രീനിജൻ എംഎൽഎയും സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സിക്കുട്ടനും തമ്മിലുള്ള തർക്കം പലപ്പോഴും വാർത്തയായിരുന്നു. ഏറ്റവുമൊടുവിൽ കേരളാ ബ്ലാസ്റ്റേർസിന്റെ സെലക്ഷനെത്തിയ കുട്ടികൾ പൊരിവെയിലത്ത് കാത്ത് നിൽക്കേണ്ടി വന്നതടക്കം പിവി ശ്രീനിജന്റെ ഇടപെടൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ എംഎൽഎ ആയതിനാലാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം.
കേരള പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പികെ അനിൽകുമാറാണ് ആഡംബര ജീവിത ഭ്രമത്തിൽ പാർട്ടി നടപടി ക്ഷണിച്ച് വരുത്തിയത്. മെയ് മാസമാണ് പി.കെ.അനിൽകുമാറും കുടുംബവും അൻപത് ലക്ഷത്തോളം രൂപയുടെ മിനികൂപ്പർ വാഹനത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്തായത്. കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ ആഡംബര വാഹന കമ്പം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെ പാർട്ടി ഇക്കാര്യങ്ങൾ പരിശോധിച്ചു. മകന് പിറന്നാൾ സമ്മാനമായി മിനികൂപ്പർ വാങ്ങിയത് ഭാര്യയാണെന്ന് പി.കെ അനിൽകുമാർ വിശദീകരിച്ചെങ്കിലും പാർട്ടി ഇത് തള്ളി.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എ.കെ ബാലൻ, ടിപി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്താണ് എറണാകുളത്ത് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. അനിൽകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കാനും സിഐടിയു ചുമതലകളിൽ നിന്ന് നീക്കാനുമാണ് ജില്ലാ കമ്മിറ്റി തീരുമാനം.പാർട്ടി തീരുമാനം സിഐടിയു യോഗത്തിൽ റിപ്പോർട്ട് ചെയ്യും. വേറെയും ആഡംബര വാഹനങ്ങൾ പി.കെ.അനിൽകുമാറിന്‍റെ പേരിലുണ്ട്.
തന്‍റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണ് ജീവിക്കുന്നതെന്നും ഭാര്യ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയാണെന്നും അനിൽകുമാർ പറഞ്ഞിരുന്നു. പാർട്ടി നേതാക്കൾ ലളിത ജീവിതം നയിക്കണം എന്ന നിർദ്ദേശം നിലനിൽക്കെ ഈ ന്യായീകരണങ്ങൾ കൂടുതൽ തിരിച്ചടിയായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ദുഷ്പ്രവണതകളുണ്ടായി എന്നാണ് കമ്മീഷൻ റിപ്പോർട്ട്.ലോകസഭാ തെരഞ്ഞടെപ്പ് തയ്യാറെടുപ്പുകളിലേക്ക് പോകുന്ന സാഹചര്യത്തിൽ നടപടിയിലേക്ക് പാർട്ടി നേതൃത്വം കടന്നില്ല.

