കൊച്ചി:നഴ്‌സിങ് രംഗത്തെ പുതു പ്രതിഭകളെ ആദരിക്കുന്നതിനുള്ള റൈസിംഗ് സ്റ്റാർ അവാർഡ് കോട്ടയം സ്വദേശി ആൻ മേരി വർഗീസിന്.അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്ന പുരസ്കാരം കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. നഴ്സാകാൻ തീരുമാനിച്ചത് മുതൽ ഈ നിമിഷം വരെ സന്തോഷത്തിന്റേതെന്ന് ആൻ മേരി വർഗീസ് പ്രതികരിച്ചു. ക്ഷമയും കാരുണ്യവും ഉയർത്തി പിടിക്കുന്നതിലൂടെ നിരവധി പേർക്ക് കരുത്ത് പകരാൻ കഴിയുന്നവരാണ് നഴ്സുമാരെന്നും ആൻ മേരി പറഞ്ഞു.

പഠനത്തിലും പാഠ്യേതര വിഷയത്തിലും ഒരു പോലെ മികവ് തെളിയിച്ചാണ് ആൻ മേരി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിന്റെ നഴ്സിംഗ് എക്സലൻസ് അവാർഡ് 2019ലെ റൈസിംഗ് സ്റ്റാർ വിഭാഗത്തിൽ ജേതാവായത്. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് നഴ്സിംഗിലെ പഠനകാലത്ത് ഉന്നതമായ പഠനനിലവാരത്തിനൊപ്പം മികച്ചൊരു പ്രാസംഗികയായും നേതൃപാഠവമുള്ള സംഘാടകയായും അഭിനേത്രിയായും ആൻ മേരി കഴിവ് തെളിയിച്ചു. ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി തെരുവുനാടകങ്ങളിലും സജീവസാന്നിധ്യമായിരുന്നു ആൻ മേരി വർഗീസ്.

യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായും , ഡിബേറ്റ്, ഇംഗ്ലീഷ് പ്രസംഗം, കഥാമത്സരം, സ്കിറ്റ് എന്നിവയിൽ സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾ നേടി മികച്ചൊരു നഴ്സിംഗ് വിദ്യാർത്ഥി കാലഘട്ടത്തിലൂടെയാണ് ആൻ മേരി വളർന്നു വന്നത്. വ്യത്യസ്ഥമായ മേഖലയിലെ ഈ മുന്നേറ്റമാണ് ആൻ മേരി വർഗീസ് എന്ന കോട്ടയം സ്വദേശിയെ റൈസിംഗ് സ്റ്റാർ പുരസ്കാരത്തിന് അർഹയാക്കിയത്.