ചരിത്ര ഗവേഷകനായ അബ്ബാസ് പനക്കല്‍ 'മുസ്ലിയാര്‍ കിങ്' എന്ന പേരില്‍ രചിച്ച പുസ്തകത്തിലാണ് വാരിയംകുന്നന്റെ ഫോട്ടോ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുള്ളത്. 

കോഴിക്കോട്: 1921ലെ മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തെച്ചൊല്ലി വീണ്ടും വിവാദം. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം വാരിയംകുന്നന്റേതല്ലെന്ന വാദവുമായി ചരിത്ര ഗവേഷകനായ അബ്ബാസ് പനക്കല്ലാണ് രംഗത്തെത്തിയിരിക്കുന്നത്. '1921ലെ പോരാട്ടങ്ങളില്‍ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന കുഞ്ഞിഖാദറിന്റെ ഫോട്ടോയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്നതെന്ന്' അബ്ബാസ് പനക്കലിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

'മുസ്ലിയാര്‍ കിങ്' എന്ന പേരില്‍ അബ്ബാസ് രചിച്ച പുസ്തകത്തിലാണ് വാരിയംകുന്നന്റെ ഫോട്ടോ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുള്ളത്. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ച 'വാരിയംകുന്നന്‍' എന്ന സിനിമയുടെ രചയിതാക്കളില്‍ ഒരാളായിരുന്ന റമീസ് മുഹമ്മദാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം പുറത്തുവിട്ടത്. സിനിമ ഉപേക്ഷിച്ചതിന് പിന്നാലെ റമീസ് പുറത്തിറക്കിയ വാരിയംകുന്നന്റെ ജീവചരിത്ര പുസ്തകമായ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' ഈ മുഖചിത്രത്തോടെയാണ് അന്ന് പുറത്തിറങ്ങിയത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് വാരിയംകുന്നന്റെ ചിത്രം ലഭിച്ചതെന്നും റമീസ് പറഞ്ഞിരുന്നു. 

റമീസിന്റെ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ വാരിയംകുന്നന്റെ ചിത്രം തന്നെയായിരുന്നു അതിലെ പ്രധാന ആകര്‍ഷണവും. എന്നാല്‍ 1922ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് മാസികയിലുള്ള ചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണെന്ന് മാസികയില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മറ്റൊരു നേതാവിന്റെ ചിത്രം വാരിയംകുന്നന്റേതാണെന്ന് തെറ്റായി മനസിലാക്കപ്പെടുകയായിരുന്നു എന്നുമാണ് അബ്ബാസ് പനക്കലിനെ ഉദ്ധരിച്ചുള്ള ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നത്.

ഫ്രഞ്ച് മാസികയില്‍ മൂന്ന് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ ആലി മുസ്ലിയാരുടെ ചിത്രം മദ്ധ്യഭാഗത്തും മറ്റ് പേരുടെ ചിത്രങ്ങള്‍ രണ്ട് വശത്തായും നല്‍കിയിരുന്നു. "കലാപത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ മുഹമ്മദ് അലിയുടെ ചിത്രം" എന്ന് മാത്രമാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. മറ്റ് രണ്ട് പേര്‍ ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയ രണ്ട് മാപ്പിളമാരാണെന്ന് വിവരിച്ചിട്ടുണ്ടെങ്കിലും അവരുടെ പേരുകള്‍ മാസികയിലില്ല. ആലി മുസ്ലിയാരുടെ പേര് മാത്രമാണ് വ്യക്തമായി നല്‍കിയിരിക്കുന്നത്.

രൗലി, ജോണ്‍സന്‍ എന്നീ ബ്രിട്ടീഷുകാരെ കൊലപ്പെടുത്തി യുദ്ധത്തിന് തുടക്കമിട്ടവരാണ് ചിത്രത്തിലുള്ളതെന്ന് മാസിക പറയുന്നുണ്ട്. എന്നാല്‍ ഈ രണ്ട് പേര്‍ താനൂരിലെ ഉമയന്റകത്ത് കുഞ്ഞിഖാദര്‍, ലാവ കുട്ടി എന്നിവരാണെന്ന് ചരിത്ര രേഖകളിലുണ്ടെന്ന് അബ്ബാസ് പനയ്ക്കല്‍ പറയുന്നു. അതുകൊണ്ടുതന്നെ മാസികയില്‍ ഇടതുവശത്തുള്ളത് കുഞ്ഞികാദറിന്റെ ചിത്രമാണെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ചിത്രം സംബന്ധിച്ച പുതിയ വാദത്തോട് റമീസ് മുഹമ്മദ് വിയോജിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പുസ്തകം താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ യുദ്ധം തുടങ്ങിയവരുടെ ചിത്രങ്ങളാണെന്ന് ഫ്രഞ്ച് മാസിക വ്യക്തമായി പറയുന്നുണ്ടെന്നും റമീസ് മുഹമ്മദ് പറയുന്നു. കുഞ്ഞികാദറിനെ യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാര്‍ പിടികൂടിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ ഫോട്ടോ അദ്ദേഹത്തിന്റേതാകാന്‍ വഴിയില്ല. ലാവ കുട്ടിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം യുദ്ധത്തില്‍ മരണപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രവും കിട്ടാന്‍ സാധ്യതയില്ലെന്നാണ് റമീസിന്റെ വാദം.