സസ്പെൻഡ് ചെയ്ത് ഉദ്യോഗസ്ഥൻ ഓഫീസിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമെന്നാണ് വിസിയുടെ നിലപാട്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇടവേളക്ക് ശേഷം വൈസ് ചാൻസലർ-രജിസ്ട്രാർ പോര്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് വിസി സസ്പെൻഡ് ചെയ്ത അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ വിസി മോഹനൻ കുന്നമ്മൽ നീക്കം തുടങ്ങി. അനിൽകുമാർ ഓഫിസിൽ കയറുന്നത് തടയാൻ പോലീസ് സഹായം തേടാൻ നിലവിലെ രജിസ്ട്രാർ മിനി കാപ്പന് വിസി നിർദ്ദേശം നൽകി. സസ്പെൻഡ് ചെയ്ത് ഉദ്യോഗസ്ഥൻ ഓഫീസിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമെന്നാണ് വിസിയുടെ നിലപാട്. അതേസമയം, വിസിയുടെ നടപടിക്കെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനിൽ കുമാറിനെ പുറത്താക്കാതെ സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുന്ന വി.സി ഡോ മോഹൻ കുന്നുമ്മൽ, സസ്പെന്‍ഷൻ പിന്‍വലിച്ച് അനിൽകുമാറിന് ചുമതല കൈമാറുന്നതായി ഓഫീസ് ഓർഡർ ഇറക്കിയ ജോയിന്‍റ് രജിസ്ടാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദുവും കേരള സര്‍വകലാശാല വിസിയും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളും ചര്‍ച്ച നടത്തിയെങ്കിലും ഇരു പക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിക്കാം. ഉടനടി സിന്‍ഡിക്കറ്റ് വിളിക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശത്തിന് വഴങ്ങാൻ വിസി തയ്യാറല്ല. താൻ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ് അനിൽകുമാര്‍ ആദ്യം പുറത്തു പോകട്ടെയെന്നാണ് മോഹൻ കുന്നമ്മിലിന്‍റെ നിലപാട്. അതിന് ശേഷം സിന്‍ഡിക്കറ്റ് വിളിക്കന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിൽ വിസി ഉറച്ച് നിൽക്കുന്നു.