ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം സിപിഎം പുറത്താക്കിയിരുന്നു

മലപ്പുറം: വിദ്യാർത്ഥികൾ പീഡന പരാതി ഉന്നയിച്ചതോടെ സിപിഎം പുറത്താക്കിയ മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അധ്യാപകനായ ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്സോ കേസ് രെജിസ്റ്റർ ചെയ്തത്. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

മഞ്ചേരി പോക്സോ കോടതി മജിസ്ട്രേറ്റിന് മുന്നിലാണ് ശശികുമാറിനെ ഹാജരാക്കിയത്. മുത്തങ്ങയിലെ ഹോംസ്റ്റേയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോശം ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന പരാതിയുമായി നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതോടെയാണ് ശശികുമാറിനെതിരെ കേസെടുത്തത്.

മുപ്പത് വര്‍ഷത്തോളം എയ്ഡഡ് സ്കൂളില്‍ അധ്യാപകനും മൂന്ന് തവണ നഗരസഭാ കൗണ്‍സിലറുമായിരുന്നു ശശികുമാർ. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ത്ഥിനി പ്രതിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് ശശികുമാറിനെതിരെ നേരിട്ട് പരാതി ലഭിച്ചതോടെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. 

സ്കൂള്‍ പഠന കാലയളവില്‍ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി. മുന്‍കാലത്ത് സ്കൂളില്‍ പഠിച്ചവരും സമാനമായ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം സിപിഎം പുറത്താക്കിയിരുന്നു.