Asianet News MalayalamAsianet News Malayalam

തൃശ്ശൂ‍രിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിച്ചു വരുന്നു. ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്‍കിയിട്ടുണ്ട്. 

Anthrax confirmed for wild boar in Thrissur
Author
Thrissur, First Published Jun 29, 2022, 11:48 PM IST

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്. ആതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. 

ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിച്ചു വരുന്നു. ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്‍കി വരുന്നു. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തൃശൂര്‍ ജില്ലയില്‍ ഇതു സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 4 തരം ആന്താക്‌സ് കണ്ടുവരുന്നു.

പനി, വിറയല്‍, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, ഓക്കാനം, ഛര്‍ദില്‍, വയറുവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആന്താക്‌സിന്റെ ലക്ഷണങ്ങളാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടു കൂടിയ കുരുക്കള്‍, വ്രണങ്ങള്‍ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ് കാണപ്പെടുന്നത്. ഇതുകൂടാതെ കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛര്‍ദി, രക്തം ഛര്‍ദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതുകൂടാതെ ഇന്‍ജക്ഷന്‍ അന്ത്രാക്‌സും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്റെ സമാന ലക്ഷണങ്ങളാണ്.

Follow Us:
Download App:
  • android
  • ios