മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാടി വിഷയത്തിൽ വ്യക്തവരുത്തണമെന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യൂസിക്ക് മെയിലയച്ചിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും സിഡബ്ല്യൂസിയുടെ തുടർനടപടികളെന്നാണ് അറിയാൻ കഴിയുന്നത്. 

തിരുവനന്തപുരം: കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് വ്യക്തമായി കഴിഞ്ഞു. ഡിഎൻഎ ഫലം പോസിറ്റീവാണെന്ന് രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി സിഡബ്ല്യൂസിയെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കുഞ്ഞിനെ അനുപമയ്ക്ക് എപ്പോൾ കൈമാറുമെന്നതാണ് ഇനിയുള്ള ചോദ്യം. ടെസ്റ്റ് റിസൾട്ട് പോസിറ്റിവാണെന്ന് സിഡബ്ല്യൂസിയെ അറിയിച്ചു കഴിഞ്ഞുവെങ്കിലും വിവരം ഇത് വരെ അനുപമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 

Anupama Child Missing Case : കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്, ഫലം കൈമാറി

മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാടി വിഷയത്തിൽ വ്യക്തവരുത്തണമെന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യൂസിക്ക് മെയിലയച്ചിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും സിഡബ്ല്യൂസിയുടെ തുടർനടപടികളെന്നാണ് അറിയാൻ കഴിയുന്നത്. 

കുഞ്ഞിനെ അടുത്തു തന്നെ തന്റെ കയ്യിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അനുപമ പറയുന്നു, തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് അനുപമയുടെ നിലപാട്.

''കുഞ്ഞ് തന്റേതെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരും ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിൽ വിഷമം ഉണ്ട്. എത്രയും പെട്ടന്ന് കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടുമെന്നാണ് കരുതുന്നുവെന്നും'' അവർ പറഞ്ഞു. 

ആന്ധ്രയിലെ വിജയവാഡയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച കുഞ്ഞ് ഇപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

കേസിൽ കോടതി അന്തിമ കാര്യങ്ങൾ തീരുമാനിക്കുമെന്നും കോടതി വഴിമാത്രമെ കുഞ്ഞിനെ കൈമാറാനാകൂവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. 

ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാനായിരുന്നു തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിരുന്നത്. അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. 

ഒക്ടോബര്‍ 14ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പോലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത് കൊണ്ടുവന്ന തുടര്‍ വാര്‍ത്തകള്‍. ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉത്തരവിടുന്നു. കുഞ്ഞ് നാട്ടിലെത്തുന്നു, ഡിഎൻഎ പരിശോധന നടത്തുന്നു. ഒടുവിൽ കുഞ്ഞ് അനുപമയുടേതെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലവും പുറത്ത് വന്നിരിക്കുന്നു. 

ഇനി നിയമവഴിയിൽ

ഈ മാസം മുപ്പതിന് ദത്ത് നൽകിയ നടപടികളടക്കം എന്തൊക്കെയെന്ന് കാണിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞിനെ ലഭിച്ചതെങ്ങനെ, എത്ര ദിവസം സംരക്ഷണകേന്ദ്രത്തിൽ പാർപ്പിച്ചു, ദത്ത് നൽകിയതെങ്ങനെ, സംസ്ഥാനത്തിന് പുറത്തേക്ക് ദത്ത് നൽകാൻ ഇപ്പോൾ ശിശുക്ഷേമസമിതിക്ക് ലൈസൻസ് ഉണ്ടോ എന്നതടക്കം വിശദമായ റിപ്പോർട്ട് നൽകണമെന്നിരിക്കേ, ഓരോ വിഷയങ്ങളിലും എന്ത് നിലപാട് സ്വീകരിക്കും സമിതിയെന്നത് നിർണായകമാണ്. 

കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍ വകുപ്പ് തല അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. കു‍ഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിംഗ് നടത്തിയിട്ടും പോലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍റെ നടപടിയും ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടുന്നതാണ്. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 

അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്‍റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്. ഏപ്രിലിൽ 22-ാം തീയതി സിറ്റിംഗ് നടത്തിയത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആ സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ദത്ത് തടയാമായിരുന്നു എന്നും അനുപമ അടക്കം നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അനുപമയുടെ പരാതി കേട്ടിട്ടും പോലീസില്‍ വിവരമറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

കുട്ടികളെ കാണാതായ കേസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിധിയില്‍ വരും എന്നിരിക്കെ പോലീസില്‍ പരാതി കൊടുത്തിരുന്നെങ്കില്‍ പോലീസിന് റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നേനെ. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചകള്‍ തെളിയിക്കാനുള്ള മൊഴികളും രേഖകളും കിട്ടിയിരുന്നു.

ദത്ത് പോയതിന് ശേഷം നാലാം ദിവസം അനുപമ വീണ്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെത്തിയിരുന്നു. അതേ ദിവസം ശിശുക്ഷേമ സമിതിയിലും എത്തി. എന്നിട്ടും അനങ്ങിയില്ല. ഒക്ടോബര്‍ 14-ന് സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബര്‍ 16-ന് കുടുംബകോടതിയില്‍ നടന്ന സിറ്റിംഗിൽ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു.