കണ്ണൂര്‍: ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമുള്ള തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ച് എ പി അബ്ദുള്ളകുട്ടി. ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും തെറി പറഞ്ഞവര്‍ ഇപ്പോള്‍ തിരുത്തുകയാണെന്ന് അബ്ദുള്ളകുട്ടി ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കുന്നു.

ബിജെപിയും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമുള്ള രണ്ട് സംഭവങ്ങളാണ് വീഡിയോയില്‍ അബ്ദുള്ളകുട്ടി പറയുന്നത്. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം തിരിച്ച് കണ്ണൂരിലെത്തിയപ്പോള്‍ ഒരു ചെറുസംഘം തന്നെ വളഞ്ഞു.

അതില്‍ ഒരാള്‍ കൊടുകെെെ എന്ന് പറഞ്ഞ് ഹസ്തദാനം നല്‍കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിടിച്ച കെെ അല്ലേ എന്ന് പറഞ്ഞുവെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. പിന്നീട് തിരുവനന്തപുരത്ത് ബിജെപി നടത്തിയ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ഒരു അനുഭവവും അബ്ദുള്ളകുട്ടി പങ്കുവെച്ചു.

അന്ന് പാളയം പള്ളിയില്‍ നിസ്കരിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഒരു യുവാവ് ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ അടക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ബിജെപിക്കെതിരെ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് കൊണ്ടാണ് അബ്ദുള്ളകുട്ടിയുടെ വീഡിയോ അവസാനിക്കുന്നത്.