പ്രത്യേക കാലാവസ്ഥയില്‍ കായ്ക്കുന്ന ആപ്പിളും വയനാട്ടിലുണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മീനങ്ങാടി ചൂതുപാറയിലെ കര്‍ഷകനായ പേരാശ്ശേരി വീട്ടില്‍ സുദേവന്‍

കല്‍പ്പറ്റ: മുന്തിരി, ഓറഞ്ച് തുടങ്ങി വിദേശ പഴങ്ങളടക്കം നട്ട് കായ്ഫലമുണ്ടാക്കിയിട്ടുണ്ട് വയനാട്ടിലെ കര്‍ഷകർ. എന്നിട്ടും ആപ്പിള്‍ മാത്രം കായ്ക്കാന്‍ മടിച്ചു നിന്നു. പക്ഷേ പ്രത്യേക കാലാവസ്ഥയില്‍ കായ്ക്കുന്ന ആപ്പിളും വയനാട്ടിലുണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മീനങ്ങാടി ചൂതുപാറയിലെ കര്‍ഷകനായ പേരാശ്ശേരി വീട്ടില്‍ സുദേവന്‍. പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടുമുറ്റത്ത് നട്ട ആപ്പിള്‍ ചെടിയില്‍ കായ്കള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ ആവേശത്തിലാണ് ഈ കര്‍ഷകന്‍. വയനാടിന്‍റെ മണ്ണില്‍ ആദ്യമായാണ് ആപ്പിള്‍ മരം ഫലം നല്‍കുന്നത്. ഏകദേശം 150 ഗ്രാം വീതം ഭാരമുള്ള രണ്ട് ആപ്പിളുകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് മീനങ്ങാടി കാര്യമ്പാടിയിലെ സ്വകാര്യ നഴ്‌സറിയില്‍ നിന്നാണ് സുദേവന്‍ ആപ്പിള്‍ തൈ വാങ്ങി വീട്ടുമുറ്റത്ത് നട്ടത്. ജൈവവളങ്ങളായ ചാണകവും എല്ലുപൊടിയും മാത്രമാണ് ആപ്പിള്‍ ചെടിക്ക് വളമായി നല്‍കിയത്.

അവക്കാഡോയും ചാമ്പക്കയും വൈവിധ്യമാര്‍ന്ന മാവുകളും പ്ലാവുകളും നിറഞ്ഞ സുദേവന്‍റെ കൃഷിയിടത്തില്‍ ഇപ്പോള്‍ പ്രധാന ആകര്‍ഷണം കായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍ മരമാണ്. വയനാടന്‍ കാലാവസ്ഥയിലും ആപ്പിള്‍ കൃഷി സാധ്യമാണെന്ന് തെളിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ ആപ്പിള്‍ കൃഷിയിലേക്ക് തിരിയാന്‍ ഇത് പ്രചോദനമാകുമെന്ന് സുദേവന്‍ പറഞ്ഞു.