ആംഡ് പൊലീസ് ഇന്സ്പെക്ടര്മാരുടെ സ്പോര്ട്സ് ക്വട്ട നിയമനത്തിലെ ക്രമക്കേടില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി തീര്പ്പാക്കി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാന് സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേശ് നടേശന്, ഷിനു ചൊവ്വ എന്നിവരുടെ പൊലീസ് നിയമന വിവാദത്തില് ആരോപണങ്ങളില് നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതി. വിജിലന്സ് അന്വേഷണം നടത്താനുള്ള മുന്കൂര് അനുമതി സര്ക്കാര് നിഷേധിച്ചിട്ടുണ്ട്. ആ സര്ക്കാര് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹര്ജിക്കാരന് ഉന്നയിച്ചിട്ടില്ല. അതിനെതിരെ ഹര്ജിക്കാരന് നിയമപരമായി നീങ്ങാം. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാന് സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ആംഡ് പൊലീസ് ഇന്സ്പെക്ടര്മാരുടെ സ്പോര്ട്സ് ക്വട്ട നിയമനത്തിലെ ക്രമക്കേടില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി തീര്പ്പാക്കി.
ബോഡി ബില്ഡര്മാരായ ചിത്തരേശ് നടേശന്, ഷിനു ചൊവ്വ എന്നിവരുടെ നിയമനത്തില് അന്നത്തെ എഡിജിപി എസ് ശ്രീജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ഹര്ജിക്കാരന്റെ വാദം. ചിത്തരേശിന് ഫ്ലാറ്റ് ഫൂട്ട് ഉള്ളതിനാല് നിയമനത്തിന് അയോഗ്യനാണെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു. രഹസ്യ പരിശോധനയില് ക്രമക്കേട് കണ്ടെത്തിയിട്ടും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നില്ലെന്നാണ് ഹര്ജിക്കാരനായ അസ്വക്കറ്റ് കെ.എം.ഷാജഹാന് കോടതിയെ അറിയിച്ചത്. ജസ്റ്റിസ് എ ബദറുദ്ദിനാണ് ഹര്ജിയി തീര്പ്പാക്കിയത്.
ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനായിരുന്നു സര്ക്കാര് നീക്കം. അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ, ദിവസങ്ങള്ക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. പരീക്ഷയില് 100 മീറ്റര് ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര് ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല. എസ്എപി ക്യാമ്പിലായിരുന്നു പരീക്ഷ. ഷിനു ചൊവ്വയ്ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്ക്ക് അവസരം നൽകാനിരിക്കെയാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള് നേടിയ താരങ്ങള്ക്കാണ് സ്പോര്ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്.
ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവ്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള് കരസ്ഥമാക്കിയ താരങ്ങള് നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്.

