ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കമായി. 51 പളളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും. 

പത്തനംതിട്ട: ആചാരപ്പെരുമയിൽ ആറൻമുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കമായി. 51 പള്ളിയോടങ്ങള്‍ അണിനിരന്ന ജല ഘോഷയാത്രയാണ് ആദ്യം നടന്നത്. ജലഘോഷയാത്രക്ക് ശേഷമാണ് മത്സര വള്ളംകളി. 50 പള്ളിയോടങ്ങളാണ് മത്സരിക്കാനിറങ്ങുന്നത്. റവന്യൂ മന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്തു. എ, ബി ബാച്ചുകളിലായിട്ടാണ് 50 പള്ളിയോടങ്ങള്‍ ഇക്കുറി മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിന്‍റെ കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുകരകളിലായി ആയിരക്കണക്കിന് ജനങ്ങളാണ് വള്ളംകളി കാണാൻ ആവേശത്തോടെ കാത്തുനിൽക്കുന്നത്. ആറൻമുളയിൽ ഓണാഘോഷം പൂര്‍ത്തിയാകുന്നത് ഉത്രട്ടാതി വള്ളംകളിയോടെയാണ്. 

നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം വിജയികളാകും. മത്സരത്തിൽ കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാർട്ടിങ് ഫിനിഷിങ് പോയിന്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.