എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ നിയമ വിഷയത്തില്‍ തനിക്കെതിരെ വിമര്‍ശനം കടുക്കുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും അതില്‍ വീഴ്‍ച വരുത്തിയാല്‍ വിമര്‍ശിക്കാമെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. എത്ര സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായാലും ഉത്തരവാദിത്തം നിറവേറ്റും. തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്ന് മുതൽ തുടർച്ചയായി യാത്ര ചെയ്യുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഗവർണ്ണറുടെ സംസ്ഥാന ബിജെപി അധ്യക്ഷൻ കളി കേരളത്തിൽ ചെലവാകില്ലെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. ഭരണഘടനയെ വെല്ലുവിളിക്കുമ്പോൾ നിയമസഭ ഇടപെടുമെന്ന് സ്പീക്കറും വ്യക്തമാക്കി.
പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം തള്ളിക്കളഞ്ഞ ഗവർണ്ണറെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ താനാണെന്ന് പറഞ്ഞ് ഗവർണ്ണർ പ്രമേയത്തിനെതിരായ നിലപാട് ആവർത്തിക്കുകയായിരുന്നു. നിയമസഭയുടെ അധികാരത്തിൽ കടന്നുകയറിയിട്ടില്ല, പക്ഷെ പൗരത്വ നിയമം സംസ്ഥാന വിഷയമല്ലെന്നാണ് ഗവർണ്ണറുടെ വാദം.
