Asianet News MalayalamAsianet News Malayalam

അര്‍ജുൻ മിഷൻ; ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു, രക്ഷാദൗത്യം നാളെ പുനരാരംഭിക്കും

മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി നാളെ തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു

Arjun rescue mision latest update strength of the undercurrent in the Gangavali river has reduced and the rescue mission will resume tomorrow
Author
First Published Aug 3, 2024, 9:02 PM IST | Last Updated Aug 3, 2024, 9:06 PM IST

കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നത്. ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക.

മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി നാളെ തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനാലാണ് വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുന്നത്. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം. 

ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ സഹോദരീഭർത്താവ് ജിതിൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ എംകെ രാഘവൻ എംപി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തെരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന വിവരം ലഭിച്ചത്.

അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുന്‍റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തെരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകി.

അതിനിടെ, അര്‍ജുന്‍റെ ജീവിത പങ്കാളിക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് രംഗത്തെത്തി. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, എം വി ആര്‍ കാന്‍സര്‍ സെന്‍റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യകത്മാക്കിയത്. അര്‍ജുന്‍റെ വിദ്യാസമ്പന്നയായ ഭാര്യക്ക് ഉചിതമായ ജോലി നല്‍കാന്‍ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അർജുനായുള്ള തെരച്ചിൽ; ജലനിരപ്പ് കുറഞ്ഞതിനാൽ തെരച്ചിലിന് തയാറെന്ന് മൽപെ, ദൗത്യം പ്രതിസന്ധിയിലെന്ന് കുടുംബം

അർജുന്‍റെ ഭാര്യക്ക് ബാങ്കിൽ ജോലി, വയനാട്ടില്‍ 120 ദിവസം കൊണ്ട് 11 കുടുംബങ്ങൾക്ക് വീട്; പ്രഖ്യാപനവുമായി ബാങ്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios