കൊല്ലം: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ട ജവാൻ പി എസ് അഭിജിത്തിന്റെ (22) സംസ്കാരം ആയൂർ ഇടയത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഇന്നലെ രാത്രി തിരുവനന്തപുരം പാലോട് മിലിട്ടറി ക്യാംപിലെത്തിച്ച അഭിജിത്തിന്‍റെ മൃതദേഹം സേനാംഗങ്ങളുടെ അകമ്പടിയോടെ പുലര്‍ച്ചെയോടെയാണ് അഞ്ചലിലെ ഇടയത്തെത്തിച്ചത്.

തുടര്‍ന്ന് അഭിജിത് പഠിച്ച ഇടയം സര്‍ക്കാര്‍ എല്‍പി സ്കൂളിലും വീടിനുസമീപത്തെ ശ്രീനാരായണ ഹാളിലും പൊതുദര്‍ശനത്തിന് വച്ചു. രണ്ടിടങ്ങളിലും നൂറുകണക്കിന് പേരാണ് ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ രാജുവും കലക്ടറും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. പൊതുദര്‍ശനത്തിനുശേഷം മാതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തി രാവിലെ പതിനൊന്നരയോടെയാണ് ഔദ്യോഗിക ബഹുമതികളോടെ കുടുംബ വീട്ടുവളപ്പില്‍ അഭിജിത്തിന്റെ മൃതദേഹം സംസ്കരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ കശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് അഭിജിത് കൊല്ലപ്പെട്ടത്. ആയൂർ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകനാണ് പി എസ് അഭിജിത്ത്. 25 മദ്രാസ് റജിമെന്റിൽ അംഗമായിരുന്നു. സഹോദരി: കസ്തൂരി.

Read More:കശ്‍മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു