സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം സീസണിലെ കല്ലടയിൽ നടന്ന രണ്ടാം ലീഗ് മത്സരത്തിൽ അരോമ ചുണ്ടൻ ജേതാക്കളായി. നിരണം ചുണ്ടനെ അവിശ്വസനീയമായ കുതിപ്പിലൂടെ തോൽപ്പിച്ചാണ് അരോമ ബോട്ട് ക്ലബ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് ഈ സീസണിന് സമാപനമാവുന്നത്.

കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ആറാം സീസണ്‍ കല്ലടയില്‍ നടന്ന രണ്ടാം ലീഗ് മത്സരത്തില്‍ അരോമ ബോട്ട് ക്ലബ് കൊല്ലം തുഴഞ്ഞ അരോമ ചുണ്ടന്‍ ജേതാക്കളായി. നെട്ടായത്തിന്‍റെ മുക്കാല്‍ പിന്നിടുമ്പോഴും മുന്നിലായിരുന്ന നിരണം ബോട്ട് ക്ലബിന്‍റെ നിരണം ചുണ്ടനെ അവിശ്വസനീയമായ കുതിപ്പിലൂടെ തോല്‍പ്പിച്ചാണ് സിബിഎല്‍ ആറാം സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം അരോമ തുഴഞ്ഞെടുത്തത്.

അരോമ ചുണ്ടന്‍ (3.37.867 മിനിറ്റ്), നിരണം ചുണ്ടന്‍ (3.38.273 മിനിറ്റ്), വീയപുരം ചുണ്ടന്‍ ( 3.39.849 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം. തുടക്കത്തിലെ ലീഡ് നിലനിറുത്തിയ യുബിസി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടന്‍ പക്ഷെ പകുതി പിന്നിട്ടപ്പോള്‍ കിതച്ചു. ആദ്യ പാദത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്നു വള്ളങ്ങളും കാഴ്ചവച്ചത്. പകുതിയ്ക്ക് തൊട്ട് മുമ്പ് നിരണം മുന്നിലെത്തി. പക്ഷെ നെട്ടായത്തിന്‍റെ മുക്കാല്‍ പിന്നിട്ടപ്പോള്‍ അരോമ നടത്തിയ കുതിപ്പ് സിബിഎല്‍ ചരിത്രത്തിലെ മികച്ച മുഹൂര്‍ത്തങ്ങളിലൊന്നായി മാറി.

അടുത്ത കൊല്ലം മുതല്‍ നവംബര്‍ ഒന്നിന് സിബിഎല്ലിന്‍റെ കലാശപ്പോരാട്ടമായ പ്രസിഡന്‍സ് ട്രോഫി വള്ളംകളി നടത്താവുന്ന വിധത്തില്‍ മത്സരങ്ങള്‍ ക്രമീകരിക്കുമെന്ന് വള്ളംകളി ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസ് കോവൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാര്‍ മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍, ജില്ലയിലെ വിവിധ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കല്ലടയിലെ ഫിനിഷിംഗ് സ്ഥാനങ്ങള്‍ ഇവയാണ്. അരോമ ചുണ്ടന്‍-ഒന്ന് (അരോമ ബോട്ട് ക്ലബ്ബ്, പരവൂര്‍, കൊല്ലം), നിരണം ചുണ്ടന്‍- രണ്ട് (നിരണം ബോട്ട് ക്ലബ്ബ്, നിരണം), വീയപുരം ചുണ്ടന്‍- മൂന്ന് (യുബിസി കൈനകരി എഫ് സി), മേല്‍പ്പാടം ചുണ്ടന്‍- നാല് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്), പുണ്യാളന്‍ നിരണം- അഞ്ച് (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്, കുമരകം),ചെറുതന ചുണ്ടന്‍- ആറ് (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) ആര്‍പ്പൂക്കര ചുണ്ടന്‍- ഏഴ് (ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബ്, കുമരകം), നടുഭാഗം ചുണ്ടന്‍- എട്ട് (പി.ബി.സി. പുന്നമട, എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്), തലവടി ചുണ്ടന്‍- ഒമ്പത് (വില്ലേജ് ബോട്ട് ക്ലബ്ബ്). തിരുവോണത്തിന് ശേഷം 28-ാം ഓണത്തിന് നടത്തിയ കല്ലട ജലോത്സവത്തില്‍ ഇരുട്ടു കുത്തി, വെപ്പ് തുടങ്ങിയ ചെറുവള്ളങ്ങളുടെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങള്‍ ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബര്‍ 26), തൃശ്ശൂര്‍ കോട്ടപ്പുറം (ഒക്ടോബര്‍ 4), എറണാകുളം മറൈന്‍ ഡ്രൈവ് (ഒക്ടോബര്‍ 10), പിറവം (ഒക്ടോബര്‍ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബര്‍ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബര്‍ 31), കൈനകരി (നവംബര്‍ 7), കായംകുളം (നവംബര്‍ 14) എന്നിവിടങ്ങളിലായി നടക്കും.

നവംബര്‍ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎല്‍ ആറാം സീസണിന് സമാപനമാവുന്നത്. ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.