സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടർന്ന് 3 ദിവസമായി വീടിന് പുറത്ത് കഴിയുകയായിരുന്ന കുടുബത്തിന് സഹായമെത്തിച്ച് വിദേശമലയാളി. 

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടർന്ന് 3 ദിവസമായി വീടിന് പുറത്ത് കഴിയുകയായിരുന്ന കുടുബത്തിന് സഹായമെത്തിച്ച് വിദേശമലയാളി. കുടുംബത്തിന്റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറംലോകത്തെത്തിച്ചത്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബഹ്റൈനിൽ നിന്നും വിദേശമലയാളിയാണ് കുടുംബത്തെ സ​ഹായിക്കാനെത്തിയത്. കുടിശ്ശിക തുകയായ 3,56,000 രൂപ കൈമാറി. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് ജപ്തി ചെയ്തത്. ആധാർ ഹൗസിങ്ങ് ഫിനാൻസ് എന്ന സ്ഥാപനമാണ് ജപ്തി നടത്തിയത്. 

4 വർഷം മുൻപാണ് ഇവർ 15 ലക്ഷം രൂപ വായ്പ എടുത്തത്.13 % പലിശയ്ക്കാണ് വായ്പ എടുത്തത്. 16 വർഷം ആയിരുന്നു ലോൺ അടവ് പറഞ്ഞിരുന്നത്. രണ്ട് വർഷം ലോൺ അടച്ചു. അതിന് ശേഷമാണ് അടവ് മുടങ്ങിയത്. 6 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബം 3 വർഷമായി പുതിയ വീട്ടിൽ താമസിക്കുകയാണ്. രാമചന്ദ്രന്റെ മകൻ റിനീഷിന്റെ പേരിലാണ് ലോൺ എടുത്തിരുന്നത്. റിനീഷ് എറണാകുളത്ത് സർക്കാർ ബോട്ട് ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്.