'മാൻ ഓഫ് ഗ്രേറ്റ് അച്ചീവ്മെന്റ്സ് ആൻഡ് എ മാൻ ഓഫ് സീരിയസ് മിസ്റ്റേക്സ്' എന്നതാണ് സിപിഐ നിലപാടെന്നും അജിത് കൊളാടി വ്യക്തമാക്കി.
പാലക്കാട്: ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി അജിത് കൊളാടി. കൃത്യമായ ബോധ്യത്തിലാണ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിച്ചതെന്ന് അജിത് കൊളാടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി ഓഫീസുകളിൽ സ്റ്റാലിന്റെ ഫോട്ടോ പോലും വയ്ക്കാറില്ല. സ്റ്റാലിൻ നടത്തിയ ജനാധിപത്യ ധ്വംസനങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. 'മാൻ ഓഫ് ഗ്രേറ്റ് അച്ചീവ്മെന്റ്സ് ആൻഡ് എ മാൻ ഓഫ് സീരിയസ് മിസ്റ്റേക്സ്' എന്നതാണ് സിപിഐ നിലപാടെന്നും അജിത് കൊളാടി വ്യക്തമാക്കി. വ്യക്തികളുടെ അപ്രമാദിത്വം ഇതിന് മുൻപും ചോദ്യം ചെയ്തിട്ടുണ്ട്. കെ. ദാമോദരൻ 1975ൽ സ്റ്റാലിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഹിറ്റ്‌ലറെ പരാജയപ്പെടുത്തിയത് സ്റ്റാലിനാണ്. അത്തരം പോരാട്ടങ്ങളൊന്നും വിസ്മരിച്ചുകൂടാ. അതിന് ശേഷം സ്റ്റാലിൻ ഒരുപാട് പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും അതിനെയാണ് വിമർശിക്കുന്നതെന്നും അജിത് കൊളാടി പറഞ്ഞു.
അജിത് കൊളാടിയുടേത് പാർട്ടി നിലപാട് ആണെന്ന് നേരത്തെ സിപിഐ വിശദീകരിച്ചിരുന്നു. സ്റ്റാലിന്റെ നിലപാടിനെ സോവിയറ്റ് യൂണിയനിലെ പാർട്ടി തന്നെ തള്ളി പറഞ്ഞിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ സിപിഐയും സ്റ്റാലിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു. ഒരാളുടെ സംഭാവനയെ കുറിച്ച് പരിശോധിക്കുന്നത് സമഗ്ര വീക്ഷണത്തിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെതെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. സിപിഐ ഓഫീസുകളിലോ സമ്മേളനങ്ങളിലോ സ്റ്റാലിൻ ചിത്രം വെക്കാറില്ല. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. സോവിയറ്റ് യൂണിയനെ അടക്കി ഭരിച്ച സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തിയെന്ന് വിശേഷിപ്പിച്ച സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് അടിച്ചുവന്നത്. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയായ അജിത് കൊളാടി എഴുതിയ ലേഖനത്തിലാണ് സ്റ്റാലിനെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും കൂട്ടത്തിൽപ്പെടുത്തി ഘാതക ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത്.


