'ശ്വാസമെടുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു, ആരെങ്കിലും കണ്ടാൽ മതിയെന്നായിരുന്നു, മനസൊരുക്കി പിടിച്ച് നിന്നു'
അരുൺ, അതിജീവനത്തിൻ്റെ പ്രതീകം, കഴുത്തറ്റം ചെളിയിൽ പുതഞ്ഞ് കിടന്ന യുവാവ് ജീവിതത്തിലേക്ക്
കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപ്പെട്ടലിലെ അതിജീവനത്തിൻ്റെ പ്രതീകമായി അരുൺ. ഉരുൾപ്പൊട്ടി കുതിച്ചെത്തിയ മൺകൂനയിലും ചെളിയിലും പുതഞ്ഞ് കഴുത്ത് മാത്രം പുറത്തേക്കിട്ട് മണിക്കൂറുകളാണ് മരണത്തെ മുന്നിൽ കണ്ട് അരുൺ നിന്നത്. രക്ഷാപ്രവർത്തകർ വളരെ ശ്രമകരമായി രക്ഷപ്പെടുത്തിയ അരുൺ ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുക്കുകയാണ്. ഇരുകാലിനും ദേഹമാസകലവും മുറിവേറ്റതിനാൽ ശസ്ത്രക്രിയക്കും വിധേയനാക്കി.
മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളെ ഓർമ്മിക്കുകയാണ് അരുൺ. ഒരാളെങ്കിലും തന്നെ കാണണമെന്ന് ആഗ്രഹിച്ച് ചെളിയിൽ കിടന്ന് മണിക്കൂറുകളോളം കൂക്കി വിളിച്ചുവെന്ന് അരുൺ ഓർമ്മിക്കുന്നു. എല്ലാം നഷ്ടപ്പെട്ടു. ഒഴുകുന്ന ചെളിക്കൂനയിൽ കഴുത്തിന് മുകളിലുളള ഭാഗം മാത്രമായിരുന്നു പുറത്തേക്കുണ്ടായിരുന്നത്. ആരെങ്കിലും കണ്ടാൽ മതിയെന്നായിരുന്നു. രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് പിടിച്ചുനിന്നത്. ചെളിയിൽ മൂടി നിൽക്കുന്ന സമയത്ത് ശ്വാസം എടുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു. തോറ്റു കൊടുക്കരുതെന്ന് മാത്രം മനസിലുറപ്പിച്ച് മനസൊരുക്കിയാണ് പിടിച്ച് നിന്നവെന്നും അരുൺ പറയുന്നു. ചെളിക്കൂനിയിൽ ജീവനും കയ്യിലൊതുക്കി തലമാത്രം പുറത്ത് കാണുന്ന രീതിയിലുളള അരുണിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വളരെ ശ്രമപ്പെട്ടാണ് ഫയർഫോഴ്സ് സംഘം അരുണിനെ രക്ഷപ്പെടുത്തിയത്.
മുറിവുണങ്ങാതെ കേരളം, കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്ക് ഇന്ന് അഞ്ചാണ്ട്