'പി വി അന്‍വറിന്‍റെ ആരോപണം അസത്യവും അസംബന്ധവും'; നിയമനടപടി സ്വീകരിക്കുമെന്ന് വിനു വി ജോണ്‍
അൻവറിന്റെ നിയമലംഘനങ്ങളും വഴിവിട്ട ഇടപെടലുകളും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ഏഷ്യാനെറ്റ് ന്യൂസിനോടും തന്നോടുമുള്ള വൈരാഗ്യം കൊണ്ടാണ് അൻവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. അൻവറിനെതിരെ നിയമ നടപടികൾ എടുക്കുമെന്നും വിനു വി ജോൺ.
തിരുവനന്തപുരം: പി വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ അസത്യവും അസംബന്ധവുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ. അൻവറിന്റെ നിയമലംഘനങ്ങളും വഴിവിട്ട ഇടപെടലുകളും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ഏഷ്യാനെറ്റ് ന്യൂസിനോടും തന്നോടുമുള്ള വൈരാഗ്യം കൊണ്ടാണ് അൻവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. അൻവറിനെതിരെ ഉടൻ നിയമ നടപടികൾ എടുക്കുമെന്നും വിനു വി ജോൺ അറിയിച്ചു.
ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടവരെ രക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ എഡിജിപി എംആർ അജിത് കുമാറിനെ വിളിച്ചെന്നാണ് പി വി അൻവർ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. സഹായിക്കാം എന്ന് അജിത് കുമാർ മറുപടി പറഞ്ഞെന്നും അൻവർ എംഎല്‍എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പോക്സോ കേസിൽ താൻ കോഴിക്കോട് ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് കോടതിയിൽ എത്തുമ്പോൾ അറിയാം സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്നും അൻവർ ആരോപിച്ചു.