ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത് പോലെ ലൈഫിലെ വീട് നിർമ്മാണം മുടങ്ങിയതാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.
പത്തനംതിട്ട: ഓമല്ലൂരിൽ ആത്മഹത്യ ചെയ്ത ലൈഫ് ഗുണഭോക്താവ് ഗോപിയുടെ കുടുംബത്തിന് കൈത്താങ്ങുമായി ഏഷ്യാനെറ്റ് ന്യൂസ്. പണം കിട്ടാത്തതിനെ തുടർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ വീട് പൂർത്തിയാക്കാൻ രണ്ട് ലക്ഷം രൂപ സഹായം നൽകി. കുടുംബാംഗങ്ങളും പഞ്ചായത്ത് പ്രസിഡന്‍റും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. നവംബർ 11 നാണ് ലോട്ടറി വിൽപ്പനക്കാരനായ ഗോപി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ലൈഫിലെ വീട് നിർമ്മാണം മുടങ്ങിയതാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. പദ്ധതിപ്രകാരമുള്ള നാല് ലക്ഷം രൂപയിൽ, രണ്ട് ലക്ഷം രൂപ ഗോപിക്ക് കിട്ടിയിരുന്നു. ബാക്കി തുക കിട്ടാതെ വന്നതാണ് നിർമ്മാണം നിലച്ചുപോകാൻ കാരണം. വീട് ഉടൻ പൂർത്തിയാക്കാനാണ് രണ്ട് ലക്ഷം രൂപ ഏഷ്യാനെറ്റ് ന്യൂസ് നൽകിയത്.
ലൈഫ് ഗുണഭോക്താവിന്‍റെ ആത്മഹത്യ; ഗോപിക്ക് കിട്ടാനുള്ള രണ്ട് ലക്ഷം രൂപ വേഗം നൽകാൻ നീക്കം
ഇക്കഴിഞ്ഞ നവംബർ 11 നാണ് ലോട്ടറി വിൽപ്പനക്കാരനായ ഗോപി ജീവനൊടുക്കിയത്. ജീവിതത്തിൽ പരാജയപ്പെട്ടുപോയെന്നും ലൈഫ് പദ്ധതി പ്രകാരം കിട്ടിയ വീടിന്റെ പണി പൂർത്തിയാകാത്തതിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ലൈഫ് പദ്ധതി പ്രകാരമുളള പണം കിട്ടാത്തത് കൊണ്ട് ഇനിയും വീടുപണി പൂർത്തിയായിട്ടില്ലെന്നായിരുന്നു പരാമർശം. ലൈഫ് പദ്ധതി പ്രകാരമുള്ള വീടുപണി പൂർത്തിയാകാത്തതായിരുന്നു ഗോപിയുടെ വലിയ ദുഃഖമെന്ന് കുടുംബവും അറിയിച്ചിരുന്നു. ആവശ്യമുന്നയിച്ച് പലതവണ പഞ്ചായത്ത് ഓഫീസിൽ പോയെന്നും പണം കിട്ടിയിരുന്നെങ്കിൽ വീട് പണി പൂർത്തിയായേനെ എന്നും കുടുംബവും പറയുന്നു.


