കോഴിക്കോട്: മികച്ച ടെലിവിഷൻ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബിന്‍റെ പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ജോഷി കുര്യന്‍ ഏറ്റുവാങ്ങി. കോഴിക്കോട് നടന്ന ചടങ്ങിൽ മിസോറാം ഗവർണർ പി ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

സംസ്ഥാനത്ത് കൂടി വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അതിന്‍റെ അന്വേഷണത്തിലെ മെല്ലെപ്പോക്കും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരമ്പരക്കാണ് അവാര്‍ഡ്. 2018 നവംബർ ഒമ്പത് മുതൽ പതിനാല് വരെയാണ് ഏഷ്യാനെറ്റ് ന്യൂസിൽ പരമ്പര സംപ്രേഷണം ചെയ്തത്. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ പി രാജേന്ദ്രൻ, ടി കെ രാമകൃഷ്ണൻ, സിനിമാ നിരൂപകൻ ചെലവൂർ വേണു എന്നിവരടങ്ങിയ ജഡ്ജിം​ഗ് കമ്മിറ്റിയാണ് ജേതാവിനെ നിർണയിച്ചത്.