തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എട്ടാമത് സ്ത്രീ ശക്തി പുരസ്കാരം നാളെ പ്രഖ്യാപിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ആത്മവിശ്വാസവും മനക്കരുത്തും കൈമുതലാക്കി ജീവിതം കൊണ്ട് മാതൃകയായ സ്ത്രീകളെയാണ് ഏഷ്യാനെറ്റ് ന്യൂസ്
സ്ത്രീ ശക്തി പുരസ്കാരത്തിലൂടെ ആദരിക്കുന്നത്.

ശാരീരിക പരിമിതിയെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയ അകക്കണ്ണിലെ സംഗീതത്താൽ കാഴ്ചയില്ലായ്മയെ മറികടന്ന വൈക്കം വിജയലക്ഷ്മി ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരത്തിലെ ആദ്യ വിജയി.  അവയവ ദാനത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച് സ്വന്തം വൃക്ക അതിജീവനത്തിനായി പൊരുതുന്നയാൾക്ക് നൽകി മാതൃകയായ ഉമാപ്രേമൻ 2014 ലെ പുരസ്കാര ജേതാവായി.

മുത്തങ്ങാ സമരത്തിലൂടെ ഭൂസമരത്തിന്‍റെ മുൻനിരയിലേക്ക് എത്തിയ സികെ ജാനു, പഠന വൈകല്യം ബാധിച്ച കുട്ടികൾക്കായി പ്രത്യേക സ്‌കൂൾ നടത്തുന്ന സന്ധ്യ പ്രജിൻ, അരിവാൾ രോഗത്തിന്റെ  കഷ്ടത അനുഭവിക്കുന്പോഴും സമാന രോഗം ബാധിച്ചവർക്കായി പ്രവർത്തിച്ച സിഡി സരസ്വതി എന്നിവരെ തുടർന്നുള്ള വർഷങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് ആദരിച്ചു.  പൊതുസേവനം, കായികം, ശാസ്ത്ര സാങ്കേതിക മേഖല, കൃഷി, സംഗീതം എന്നിങ്ങനെ അഞ്ച് മേഖലകളിൽ നിന്നുള്ളവർക്ക് ആറാമത് സ്ത്രീ ശക്തി പുരസ്‌കാരം നൽകി.

ടി.വി അനുപമ ഐഎഎസ്, പിയു. ചിത്ര, ഡോ.ബിന്ദു സുനിൽകുമാർ, പ്രസീദ ചാലക്കുടി, ജ്യോതി പ്രകാശ് എന്നിവരായിരുന്നു ജേതാക്കൾ . നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മാതൃകാപരമായ സേവനം നടത്തിയ ആരോഗ്യമന്ത്രി കെകെ ശൈലജയായിരുന്നു പോയവർഷത്തെ പുരസ്‌കാര ജേതാവ്.  ഇത്തവണ ആര് ? അസ്നയോ അതോ യാസ്മിനോ  അറിയാൻ നാളെ വൈകിട്ട് വരെ കാത്തിരിക്കുക. 

"