ഏറെ നേരം ഹൗസിങ്ങ് ബോർഡിലെ ഓഫീസിന് മുന്നിൽ പരാക്രമം നടത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകളും ജീവനക്കാരന്റെ വാഹനവും എറിഞ്ഞു തകർത്തു. അക്രമം നടത്തിയ രാജാജി നഗർ സ്വദേശി സൂരജിനെ അക്രമം കണ്ട് എത്തിയ നാട്ടുകാർ പിടിച്ചു പൊലീസിനെ ഏല്പിച്ചു. ഓഫീസിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് അക്രമം. 

പുലർച്ചെ നാലരയോടെയാണ് അക്രമം ഉണ്ടായത്. ഓഫീസിന് സമീപത്തെ രാജാജി നഗറിലെ സൂരജ് ഒരു പ്രകോപനവും ഇല്ലാതെ അക്രമം നടത്തുകയായിരുന്നു. ആദ്യം ബിയർ കുപ്പി ഓഫീസിന് മുന്നിലെ വലിയ ഗ്ലാസിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീവനക്കാരൻറെ കാർ കല്ലുകൊണ്ട് എറിഞ്ഞു തകർത്തു. അതിന് ശേഷം ഓഫീസിന്റെ മുൻവശത്തെ കവാടത്തിനോട് ചേർന്ന സെക്യൂരിറ്റിയുടെ ക്യാബിൻ കല്ലുകൊണ്ടു തകർത്തു. ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത്.

Read more ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണം; പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം

പുലർച്ചെ ഡ്യൂട്ടിക്കായി വനിതാ ജീവനക്കാർ അടക്കം എത്തുന്ന സമയത്തായിരുന്നു ആക്രമണം. സംഭവം അറിഞ്ഞെത്തിയ രാജാജി നഗറിലെ നാട്ടുകാരാണ് സൂരജിനെ പിടികൂടിയത്. ഓഫീസിൽ നിന്നും വിളിച്ചതനുസരിച്ച് വന്ന പൊലീസിന് നാട്ടുകാർ സൂരജിനെ ഏല്പിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയതിന് കൻറോൺമെനറ് പൊലീസ് സൂരജിനെതിരെ കേസെടുത്തു. ഇത് മൂന്നാം തവണയാണ് സൂരജ് ഓഫീസിന് നേരെ ആക്രമണം നടത്തുന്നത്. നേരത്തെ ഒരു തവണ അറസ്റ്റിലായപ്പോൾ കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. ഏഷ്യാനെറ്റ് ഓഫീസിന് നേരെ മുമ്പുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഓഫീസുകൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഉത്തരവ് നിലനിൽക്കെയാണ് ഇന്നത്തെ ആക്രമണം. 

asianet news office attacked

asianet news office attacked

asianet news