പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പാലക്കാട്: പാലക്കാട് ആലത്തൂരിലെ 20 വയസുകാരി അസ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി മാതാപിതാക്കൾ. പെൺകുട്ടി ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ മാനസിക പീഡനമെന്ന് കുടുംബം ആരോപിക്കുന്നു. എലിവിഷം ഉള്ളിൽ ചെന്ന് ഏപ്രിൽ 6 നാണ് അസ്ന മരിച്ചത്. അസ്നയെ ഭർത്താവ് അബ്ദു റഹ്മാനും മാതാവും ചേർന്ന് ചൂഷണം ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. അസ്ന പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. വൈകിയാണ് അസ്നയെ സ്കൂളിൽ ചേർത്തത്. മാർക്ക് കുറയും എന്ന പേടിയിൽ ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീർക്കാൻ ഭർത്താവും കുടുംബവും ശ്രമിക്കുന്നതായി അസ്‌നയുടെ മാതാപിതാക്കൾ പറയുന്നു. വിഷം ഉള്ളിൽ ചെന്നു എന്ന വിവരവും ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരവും ഭർതൃവീട്ടുകാർ മറച്ചുവെച്ചു. അസ്ന മരിച്ചു എന്ന വിവരവും പിറ്റേന്നാണ് അറിയിച്ചത്. പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

