കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ മരിച്ചു. അസം സ്വദേശി ബിജോയ് കൃഷ്ണൻ ആണ് മരിച്ചത്. ഗുരുതര കരൾ രോഗത്തെ തുടർന്ന് ഈ മാസം പതിനൊന്നിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇയാൾക്ക് കൊവിഡ് ഇല്ലെന്ന് മൂന്ന് തവണ നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ആറ് മാസമായി കളമശ്ശേരിയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ബിജോയ്. 

എറണാകുളം ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 677 ആയി. നിലവിൽ 19 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് ലഭിച്ച 14 സാമ്പിൾ പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.