Asianet News MalayalamAsianet News Malayalam

സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ ബിജെപി അധ്യക്ഷന്‍; ഒടുവില്‍ സ്ഥാനചലനം

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി ഒരു 'സുവര്‍ണാവസരമായി' ശ്രീധരന്‍ പിള്ളയും ബിജെപിയും കണ്ടു. എന്നാല്‍, പിന്തുണ വര്‍ധിച്ചപ്പോഴും അത് ഒരു തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കാന്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. 

at last Sreedharan Pillai moved from kerala bjp state cheif
Author
Thiruvananthapuram, First Published Oct 25, 2019, 9:27 PM IST

തിരുവനന്തപുരം: അപ്രതീക്ഷിതമായാണ് പി എസ് ശ്രീധരന്‍പിള്ളയെ തേടി ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി എത്തുന്നത്. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയ ശേഷമുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ സംസ്ഥാനത്ത് ബിജെപി വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടിയിലെ സൗമ്യമുഖമായ ശ്രീധരന്‍ പിള്ളയ്ക്ക് നറുക്കു വീഴുകയായിരുന്നു.

2018 മേയിലാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. പിന്നീട് രണ്ട് മാസത്തോളം സംസ്ഥാന ബിജെപിയിലെ തര്‍ക്കങ്ങള്‍ മൂലം അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നു. കെ സുരേന്ദ്രന്‍ അധ്യക്ഷനാകുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് അന്ന് ഉയര്‍ന്നുകേട്ടത്. എന്നാല്‍, വി മുരളീധര പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ആര്‍എസ്എസ് കൂടെ സ്വരം കടുപ്പിച്ചതോടെ അഭിഭാഷകനും ബിജെപിയിലെ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യനുമായ ശ്രീധരന്‍ പിള്ളയെ അധ്യക്ഷ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം നിയമിക്കുകയായിരുന്നു. 

ബിജെപിയുടെ സുവര്‍ണകാലം

ശ്രീധരന്‍ പിള്ള അധ്യക്ഷ പദവിയില്‍ എത്തിയ ശേഷം സംസ്ഥാനത്ത് ബിജെപിക്ക് വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്. തിരുവനന്തപുരത്തും മഞ്ചേശ്വരത്തും മാത്രം കരുത്ത് കാണിച്ചിരുന്ന ബിജെപി പതിയെ കേരളത്തില്‍ പലയിടങ്ങളിലും ചുവട് ഉറപ്പിച്ചത് ഇക്കാലത്താണ്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഒരു 'സുവര്‍ണാവസരമായി' ശ്രീധരന്‍ പിള്ളയും ബിജെപിയും കാണുകയും ചെയ്തു. എന്നാല്‍, പിന്തുണ വര്‍ധിച്ചപ്പോഴും അത് ഒരു തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കാന്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. 

ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി

ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു വിജയം നേടാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയത്. നരേന്ദ്ര മോദി-അമിത് ഷാ ദ്വയത്തെ വരെയിറക്കി ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ കാടിളക്കിയുള്ള പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തിയത്. മിസോറാം ഗവര്‍ണായിരുന്ന കുമ്മനം രാജശേഖരനെ തിരിച്ച് വിളിച്ച് കളത്തിലിറക്കി കേരളത്തില്‍ താമര വിരിയിക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തി.

at last Sreedharan Pillai moved from kerala bjp state cheif

എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളമാകെ യു‍ഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ബിജെപിക്ക് തൊട്ടതെല്ലാം പിഴച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് ലഭിച്ച രണ്ടാം സ്ഥാനം ഒഴികെ ആകെ വോട്ട് കൂടിയെന്നതല്ലാതെ പ്രതീക്ഷിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ശ്രീധരന്‍ പിള്ള പറഞ്ഞ 'സുവര്‍ണാവസരം' യു‍ഡിഎഫിനായി പോയെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തലുണ്ടായത്. ഇതോടെ ശ്രീധരന്‍ പിള്ളയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നു തുടങ്ങിയിരുന്നു.

താമര വാടിയ ഉപതെരഞ്ഞെടുപ്പ്

പാലായില്‍ ആദ്യവും പിന്നീട് അഞ്ച് മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിലെ പരാജയവും ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിനേറ്റ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. കോന്നിയില്‍ മികച്ച രീതിയില്‍ വോട്ട് നേടിയെങ്കിലും കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. എന്നാല്‍, ഏറെ പ്രതീക്ഷ വച്ച മഞ്ചേശ്വരത്തടക്കം ബിജെപിക്ക് കൈ പൊള്ളി.

പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളുടെ തമ്മിലടിയിലും കാര്യമായി ഒന്നും ചെയ്യാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് സാധിച്ചില്ല. കൂടാതെ, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ വെട്ടി എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആര്‍എസ്എസും ശ്രീധരന്‍ പിള്ളയെ കൈവിട്ടു. വട്ടിയൂര്‍ക്കാവില്‍ സുരേഷിന് വേണ്ടി പ്രചാരണത്തിന് പോലും ആര്‍എസ്എസ് ഇറങ്ങാതിരുന്നതോടെ പതിനാറായിരത്തോളം വോട്ടാണ് ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ നഷ്ടമായത്.

at last Sreedharan Pillai moved from kerala bjp state cheif

ഈ പരാജയങ്ങളുടെയെല്ലാം ബാക്കിപത്രമായി ശ്രീധരന്‍ പിള്ളയുടെ പുതിയ നിയമനത്തെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം, അല്ലെങ്കില്‍ കാലം കാത്തു വച്ച വിധിയെന്നും വിശേഷിപ്പിക്കാം. 2018ല്‍ ശ്രീധരന്‍ പിള്ള മത്സരിച്ച ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമായിരുന്നു കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിയത്. അതുപോലെ മറ്റൊരു തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ശ്രീധരന്‍ പിള്ളയും മിസോറാമിലേക്ക്...

Follow Us:
Download App:
  • android
  • ios