Asianet News MalayalamAsianet News Malayalam

അനുനയത്തിന് വഴങ്ങില്ല; കേസുമായി മുന്നോട്ട് പോവുമെന്ന് അഖിലിന്‍റെ മാതാപിതാക്കൾ

സിപിഎം നേതാക്കൾ അനുനയ നീക്കം നടത്തുന്നുണ്ടെന്ന് അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീടത് തിരുത്തി

atrocities in university college, akhil's father and mother will fight against culprits
Author
Thiruvananthapuram, First Published Jul 13, 2019, 4:42 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുത്തേറ്റ അഖിലിന്‍റെ അച്ഛനും അമ്മയും വ്യക്തമാക്കി. സിപിഎം നേതാക്കൾ അനുനയ നീക്കം നടത്തുന്നുണ്ടെന്ന് അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീടത് തിരുത്തി.

എന്തക്രമം കാണിച്ചാലും എന്നും എപ്പോഴും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റിന് സിപിഎമ്മിന്‍റെ അകമഴിഞ്ഞ പിന്തുണ കിട്ടിയിരുന്നു. കത്തിക്കുത്തിൽ സിപിഎം പ്രതിരോധത്തിലായതോടെ അനുനയ നീക്കങ്ങളും സജീവമാണ്. കുത്തേറ്റ അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ സിപിഎം പ്രവർത്തകനാണ്. പാർട്ടി ജില്ലാ നേതാക്കൾ കേസുമായി മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചോദിച്ചിരുന്നതായി രാവിലെ ചന്ദ്രൻ ക്യാമറക്ക് മുന്നിലല്ലാതെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

പാർട്ടി ഇടപെടലിന്‍റെ വാർത്ത പുറത്ത് വന്നതോടെ ചന്ദ്രൻ പിന്നീടത് നിഷേധിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തിൽ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ അഖിലിന് ഇനി മത്സരരംഗത്തേക്കിറങ്ങാനാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. കോളേജിലെ എസ്എഫ്ഐ നേതാക്കൾക്ക് അഖിലിനോട് നേരെത്ത വിരോധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇന്നലത്തെ അക്രമത്തിന് ശേഷം പ്രതിഷേധമുണ്ടായപ്പോൾ എസ്എഫ്ഐ നേതൃത്വം ഒത്തുതീർപ്പിന് ശ്രമിച്ചതായി കുത്തേറ്റ അഖിലിന്റെ സുഹൃത്ത് ജിതിൻ പറഞ്ഞിരുന്നു. എസ്എഫ്ഐ അക്രമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് എഐഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഏകാധിപത്യവാഴ്ച അവസാനിപ്പിച്ച് പുതിയ യൂണിറ്റ് തുടങ്ങിയതായി എഐഎസ്എഫ് വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് മുന്നിൽ എബിവിപി പാട്ടുപാടി പ്രതിഷേധിച്ചു. പാട്ടുപാടിയതിന്‍റെ പേരിലെ തർക്കത്തിലായിരുന്നു അഖിലിന് കുത്തേറ്റത്. ലജ്ജാഭാരം കൊണ്ട് തല താഴ്ന്നുവെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. അക്രമത്തിൽ കേരള ജനതയോട് മാപ്പ് ചോദിക്കുന്നുവെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വിപി സാനു പറഞ്ഞു. പ്രതി ചേർക്കപ്പെട്ടവരെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പലും അറിയിച്ചു.

Follow Us:
Download App:
  • android
  • ios