ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസിൽ സിപിഎം  പ്രവർത്തകരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് സ്വദേശി അഭി ശിവദാസ് (25), പ്രവീൺ കുമാർ (40) എന്നിവർ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 6 ന് രാത്രിയാണ് സംഭവം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭാ മധു, സിപിഎം കണ്ണർകാട് ലോക്കൽ സെക്രട്ടറി എം സന്തോഷ്കുമാർ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. സന്തോഷ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ജനൽചില്ല് തകർത്തതിന് 5000 രൂപയുടെ നഷ്ടമുണ്ടായതായാണ് കേസ്. സിപിഎമ്മിലെ വിഭാഗീയത മുതലെടുത്ത് വ്യക്തിവിരോധം തീർക്കുകയായിരുന്നു ലക്ഷ്യമെന്ന് മാരാരിക്കുളം പൊലീസ് പറയുന്നു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ഡ്രൈവറായിരുന്ന അഭി ശിവദാസനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്. അഭിയുടെ സുഹൃത്താണ് പ്രവീൺ.