കരുതൽ തടങ്കലിലാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കി വരും വഴിയാണ് ഒരു സംഘം ആളുകൾ രാധാകൃഷ്ണനെ ആക്രമിച്ചത്.
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. വടകര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണനെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കി വരും വഴിയാണ് ഒരു സംഘം ആളുകൾ രാധാകൃഷ്ണനെ ആക്രമിച്ചത്. കോട്ടയിൽ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. കാര്‍ തകര്‍ക്കാനും സംഘം ശ്രമിച്ചു.
അക്രമികള്‍ കാറിന്‍റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നവകേരള സദസ്സ് നടക്കുന്നതിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വിവിധയിടങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നത്. കോഴിക്കോട് ചെറുവണ്ണൂരിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സിയാദിനെ മേപ്പയൂർ പോലിസ് സ്റ്റേഷനിലാണ് കരുതൽ തടങ്കലിലാക്കിയിരുന്നത്. തിരുവള്ളൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. യൂത്ത് കോൺ സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഇസ്ഹാഖ് എന്നിവരെ ആണ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ യാത്രാവഴിക്കരികിൽ വച്ചായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ജാമ്യത്തിലെടുത്ത് തിരിച്ചുവരുന്നതിനിടെയാണ് കോട്ടയില്‍ രാധാകൃഷ്ണനുനേരെ വടകരയില്‍ ആക്രമണം ഉണ്ടായത്.
അതേസമയം, വടകരയില്‍ യുഡിഎഫ് ചെയർമാനെ കയ്യേറ്റം ചെയ്തതിന് എതിരെ വധശ്രമത്തിലെ കേസെടുക്കണമെന്ന് കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു. ആയുധങ്ങളുമായി കരുതികൂട്ടിയാണ് 15ഓളം വരുന്ന അക്രമികള്‍ കാര്‍ തടഞ്ഞതെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തണലിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറുന്നതെന്നും കെ കെ രമ ആരോപിച്ചു.

