ഭാര്യയുടെ മൊബൈൽ നമ്പർ ബന്ധുവിന്‍റെ ഫോണിൽ കണ്ടതിന് പിന്നാലെ വീട്ടിൽ കയറി ആക്രമിച്ച് യുവാവ്
കൊല്ലം: ഭാര്യയുടെ മൊബൈൽ നമ്പർ ബന്ധുവിന്‍റെ ഫോണിൽ കണ്ടതിന് പിന്നാലെ ബന്ധുവിനെയും ബന്ധുവിന്‍റെ ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ചു. കൊല്ലം ആയൂരിലാണ് സംഭവം. സംഭവത്തില്‍ ആയുർ സ്വദേശി സ്റ്റെഫിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിപ്പട്ടി സ്വദേശി ബിനുരാജിനും ഭാര്യയ്ക്കുമാണ് അതിക്രമത്തില്‍ ഗുരുതര പരിക്കേറ്റത്. തലക്ക് ഗുരുതരമായ പരിക്കേറ്റ ഇവർ ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വർഷങ്ങളായി രണ്ട് കുടുംബവും ശത്രുതയിലാണ് കഴിഞ്ഞിരുന്നത്. സംഭവത്തില്‍ വധശ്രമത്തിനാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്- ബിനു രാജിന്‍റെ മൊബൈൽ ഫോണിൽ തന്‍റെ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ സേവ് ചെയ്തിരിക്കുന്നത് പ്രതിയായ സ്റ്റെഫിൻ കണ്ടു. ഇതിന്‍റെ വൈരാഗ്യത്തിൽ പട്ടിക കമ്പുമായി വീടിനകത്തേക്ക് അതിക്രമിച്ചു കയറി. ബിനുരാജിനെ തലക്കും ദേഹത്തും അടിച്ചു മുറിവേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ബിനു രാജിന്റെ ഭാര്യയുടെ തലയ്ക്കും പട്ടിക കമ്പ് കൊണ്ട് അടിച്ചു. ബോധം നഷ്ടപ്പെട്ട് തറയിൽ കിടന്ന ബിനു രാജിനെയും തലയ്ക്കു മുറിവേറ്റ ഭാര്യയെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സകൾക്കായി ഇവർ ഗോകുലം മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി ചടയമംഗലം പൊലീസ് ബിനുരാജിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സ്റ്റെഫിനെ വൈക്കൽ ഭാഗത്തുനിന്നാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.



