ഉന്നത നേതാക്കളുടെ അറിവോടെയാണ് ആക്രമണമെന്നും എസ്എഫ്ഐ നടപടി മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

വയനാട്: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമിച്ചത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്ന് വി ഡി സതീശൻ പ്രതികരിച്ചു. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത് ജനത്തിന്‍റെ കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മോദിയെ പ്രീതിപ്പെടുത്താൻ പിണറായി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം. നേതൃത്വത്തിന്‍റെ അറിവോടെയുള്ള കലാപാഹ്വാനമാണിത്. സ്വന്തം നേതാക്കൾ തന്നെ സിപിഎം അണികളെ വെള്ളപുതച്ച് കിടത്തുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് പറഞ്ഞ വിഡി സതീശൻ, തിരിച്ചടി എങ്ങനെയെന്ന് കാത്തിരുന്ന് കാണമെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം, ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് കെ സി വേണുഗോപാൽ ആവര്‍ത്തിച്ചു. ഉന്നത നേതാക്കളുടെ അറിവോടെയാണ് ആക്രമണമെന്നും എസ്എഫ്ഐ നടപടി മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ആക്രമണം തള്ളിക്കളഞ്ഞ് കൊണ്ട് മാത്രം കാര്യമില്ലെന്ന് പറഞ്ഞ വേണുഗോപാൽ, എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ചോദിച്ചു. ഡിവൈഎസ്പിയിൽ നടപടി ഒതുങ്ങുന്ന വിഷയമല്ല നടന്നത്. എസ്എഫ്ഐക്കെതിരെ എന്തുകൊണ്ട് നടപടി വൈകുന്നുവെന്നും അദ്ദേഹം ചോദിച്ചു. ആർ എസ്എസിന്‍റെ ഗാന്ധി വിരോധം സിപിഎമ്മിലേക്ക് പടരുകയാണ്. അത് കൊണ്ടാണ് ആദ്യം ഗാന്ധി ചിത്രം നശിപ്പിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.

Also Read:മൂന്ന് ദിവസത്തെ സന്ദര്‍ശനം: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്, വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

YouTube video player

പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്

സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

YouTube video player

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ സംസ്ഥാനത്തും ദില്ലിയിലും വരെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉൾപ്പടെയുള്ളവർ ആക്രമണത്തിന് എതിരെ രം​ഗത്ത് വന്നു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം.