അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്‍റെ വധഭീഷണി. പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലുമെന്നാണ് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. പത്രിക പിൻവലിക്കില്ലെന്ന് സ്ഥാനാര്‍ത്ഥിയായ വിആര്‍ രാമകൃഷ്ണൻ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്‍റെ വധഭീഷണി. പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിപിഎം മുൻ ഏരിയ സെക്രട്ടറി വിആര്‍ രാമകൃഷ്ണനെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നിന്‍റെ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ വിളിച്ച് ഭീഷണി മുഴക്കിയത്. നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്.

നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളുവെന്നും പത്രിക പിൻവലിക്കില്ലെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണൻ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ മറുപടി പറയുന്നത്. അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി ആർ രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ആരോപണം ജംഷീര്‍ നിഷേധിച്ചിട്ടില്ല. 42 വര്‍ഷമായി പാര്‍ട്ടി അംഗമായ രാമകൃഷ്ണൻ അട്ടപ്പാടിയിലെ പാര്‍ട്ടിയിലെ കൊള്ളരുതായ്മ ചൂണ്ടികാണിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. രാമകൃഷ്ണൻ ഇപ്പോഴും പാര്‍ട്ടി അംഗമാണ്. അതേസമയം, അവര്‍ ഇരുവരും സുഹൃത്തുക്കളാണെന്നും നല്ല ബന്ധമാണെന്നും ആ തരത്തിൽ തമാശയായി സംസാരിച്ചതെന്നുമാണ് സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരന്‍റെ വിശദീകരണം.