Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കൊലക്കേസ്: മൊഴിയിലുറച്ച് 23-ാം സാക്ഷി, കൂറുമാറി 22-ാം സാക്ഷി

കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തൽ. 

Attappadi Madhu Case one more witness changes his statement
Author
Thiruvananthapuram, First Published Aug 4, 2022, 12:13 PM IST

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 22-ാമത്തെ സാക്ഷി മുരുകനാണ് ഇന്ന് കൂറുമാറിയത്. ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിന്നു. ഇതൊടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തൽ. അതേസമയം, ഇരുപത്തിമൂന്നാം സാക്ഷി
ഗോകുൽ പൊലീസിന് നല്‍കിയ മൊഴിയിൽ ഉറച്ച് നിന്നു. കേസില്‍ മൊഴിമാറ്റാതിരിക്കുന്ന രണ്ടാമത്തെ ആളാണ് ഗോകുൽ.

കേസിന്‍റെ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി ഇന്നലെ പറഞ്ഞിരുന്നു. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന് അകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഈ നിർദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും വിചാരണ കോടതി ഓർമിപ്പിച്ചു.

ഇതിനിടെ, മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.  മണ്ണാർക്കാട് മുൻസിഫ്  കോടതി നിർദേശ പ്രകാരമാണ് നടപടി. മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Also Read: അട്ടപ്പാടി മധുകൊലക്കേസ്; കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം വേണം, പരാതി നല്‍കി കുടുംബം

വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം വേണം : സ്പെഷ്യൽ പ്രോസിക്യൂട്ടർ

അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർ കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ. മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്‍റെ കുടുംബവും ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios