Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കേസ്: വിചാരണ ഇന്ന് വീണ്ടും തുടങ്ങും, പുതിയ പബ്ലിക് പ്രൊസിക്യൂട്ടർ ഹാജരാകും

പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ആണ് ഇന്ന് മുതൽ ഹാജരാവുക. 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക

Attappadi Madhu case trial to restart from today
Author
Palakkad, First Published Jul 7, 2022, 7:04 AM IST

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ആണ് ഇന്ന് മുതൽ ഹാജരാവുക. 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക. മുൻ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ മധുവിന്‍റെ കുടുംബം രംഗത്ത് വന്നിരുന്നു. കേസിൽ നിരവധി സാക്ഷികൾ കൂറ് മാറിയ പശ്ചാത്തലത്തിലായിരുന്നു ഇത്. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു വധ കേസിന്റെ വിചാരണ മണ്ണാർക്കാട് കോടതിയാണ് ഇന്നത്തേക്ക് മാറ്റിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം രംഗത്ത് വന്നതിനെ തുടർന്നായിരുന്നു ഇത്. കേരള ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. ഇതേ തുടർന്ന് മധു വധ കേസിന്റെ വിചാരണ സ്റ്റേ ചെയ്ത കേരള ഹൈക്കോടതി, സംസ്ഥാന സർക്കാറിനോട് അഭിപ്രായം തേടിയിരുന്നു.

ഹൈക്കോടതി മധുവിന്റെ കുടുംബത്തിന്റെ ഹർജിയിൽ തീർപ്പ് കൽപ്പിക്കാൻ വൈകിയതോടെയാണ് വിചാരണ കോടതിയായ മണ്ണാർക്കാട് കോടതി വിചാരണ നടപടികൾ ജൂലൈ ഒന്നിന് ജൂലൈ ഏഴിലേക്ക് മാറ്റിയത്. അതേസമയം കേസിൽ നേരത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേന്ദ്രൻ, സ്ഥാനം രാജിവെച്ചു. പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം.മേനോൻ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മാറിയ കാര്യം സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും. മധുവിന്റെ കുടുംബത്തിന്റെ ഹർജി തീർപ്പാക്കിയതിന് ശേഷമാകും വിചാരണ തുടരുക. കേസിലെ 12, 13 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. 

Follow Us:
Download App:
  • android
  • ios