പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കോടതി വിധി.

പാലക്കാട് ഡിസ്ട്രിക്ട് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നൽകിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി  മൃതദേഹം കാണാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ മറ്റൊരു കേസിൽ തിരുച്ചിറപ്പള്ളി ജയിലിൽ തടവിൽ കഴിയുകയാണ് മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസകത്തിന്റെ ഭാര്യ. ഇവരുടെ മകളും ഇതേ ജയിലിൽ തടവിലാണ്.

തിരുച്ചിറപ്പള്ളി ജയിലിലുള്ള കലയെ മൃതദേഹം കാണാൻ അനുവദിക്കാതെ പൊലീസിന്റെ തുടർ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്റെ വിധിയിൽ വ്യക്തമാക്കുന്നു. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ടവർ ആരൊക്കെ എന്നറിയാനുള്ള ശ്രമങ്ങൾ കേരളം ആരംഭിച്ചു. ഇവരുടെ ചിത്രങ്ങൾ കർണ്ണാടക, തമിഴ്‌നാട് പൊലീസ് സേനകൾക്ക് അയച്ചുകൊടുത്തു.