കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്കാനില്ല, എംആർഐ സ്കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്

അട്ടപ്പാടി: അട്ടപ്പാടിയിൽ (attappady)ആദിവാസികൾ (adivasi)ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രി(kottathara tribal hospital) വികസനം അട്ടിമറിച്ചതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന്.രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരിൽ, ആദിവാസി ക്ഷേമ ഫണ്ടിൽ നിന്ന് പെരിന്തല്‍ണ്ണ EMS സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത്. ഇതിന്‍റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കിൽ, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങൾ വാങ്ങാമായിരുന്നെന്ന് കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ തന്നെ പറയുന്നു.

ഗര്‍ഭകാലത്ത് ഒന്ന് സ്കാന്‍ ചെയ്യണമെങ്കില്‍, വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ ആദിവാസികളെ പെരിന്തല്‍മണ്ണയ്ക്കോ, തൃശൂരിലേക്കോ, കോഴിക്കോടേക്കോ പറഞ്ഞയക്കും. കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്കാനില്ല, എംആർഐ സ്കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്. 

ആദിവാസികളെ സഹായിക്കാനെന്ന പേരിൽ കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ എല്ലാം കടലാസിൽ മാത്രം.ഇവിടെ നിന്ന് വിദഗ്ധ ചികിത്സ വേണ്ടവരെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫർ ചെയ്യും. ഇവിടെയില്ലാത്ത സ്കാനും മറ്റും അവിടെ നടത്തും. ആദിവാസി ക്ഷേമ വകുപ്പിന്‍റെ ഫണ്ടില്‍ നിന്ന് ഇതിനായി ചെലവിട്ടത് 12 കോടി. കഴിഞ്ഞ ജനുവരി പതിനഞ്ചിന് ചേര്‍ന്ന സഹകരണ വകുപ്പിന്‍റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ മിനിട്സില്‍ ഇക്കാര്യമുണ്ട്. തുക തീര്‍ന്നതിനാല്‍ പദ്ധതി ഫെബ്രുവരിയിലവസാനിക്കുകയും ചെയ്തു.വീണ്ടും 18 കോടി അനുവദിക്കമന്ന അപേക്ഷയും ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രി വച്ചിട്ടുണ്ട്. അപ്പോഴും അട്ടപ്പാടിയിലെ സര്‍ക്കാരാശുപത്രിയില്‍ സൗകര്യമൊരുക്കാൻ മാത്രം സര്‍ക്കാരിന് പണമില്ല